LiveTV

Live

Kerala

ലീഗ് ആരിൽ നിന്നും ഒന്നും കവർന്നെടുക്കുന്നവരല്ലെന്ന് ക്രിസ്തീയ സഭകൾക്കറിയാമെന്ന് കുഞ്ഞാലിക്കുട്ടി

കർദ്ദിനാൾ ബസേലിയോസ് ക്ലിമീസ് ബാവയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മീഡിയവണിനോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി

ലീഗ് ആരിൽ നിന്നും ഒന്നും കവർന്നെടുക്കുന്നവരല്ലെന്ന് ക്രിസ്തീയ സഭകൾക്കറിയാമെന്ന് കുഞ്ഞാലിക്കുട്ടി

ക്രൈസ്തവ സഭകളുടെ അതൃപ്തി പരിഹരിക്കാനുള്ള നീക്കം ശക്തിപ്പെടുത്തി മുസ്‍ലീം ലീഗ്. ഇതിന്‍റെ ഭാഗമായി കര്‍ദിനാള്‍ ക്ലിമിസ് കതോലിക്കാ ബാവയുമായി പി.കെ കുഞ്ഞാലികുട്ടി ചര്‍ച്ച നടത്തി. ലീഗ് ഒന്നും കവര്‍ന്നെടുക്കില്ലെന്ന് ക്രൈസ്തവ സഭകള്‍ക്ക് അറിയാമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പി.കെ കുഞ്ഞാലികുട്ടി മീഡിയവണിനോട് പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം ക്രൈസ്തവ സഭകളെ അനുനയിപ്പിക്കാന്‍ യുഡിഎഫ് നീക്കം ആരംഭിച്ചിരുന്നു. ലീഗിന് എതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പി.കെ കുഞ്ഞാലികുട്ടിയുടെ നേതൃത്വത്തില്‍ ലീഗ് സ്വന്തം നിലയ്ക്കും സമവായ നീക്കങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. ഇതിന്‍റെ ഭാഗമായിട്ടാണ് സിറോ മലബാര്‍ സഭാ അധ്യക്ഷന്‍ കര്‍ദിനാള്‍ ക്ലിമിസ് കതോലിക്കാ ബാവയെ കുഞ്ഞാലികുട്ടി സന്ദര്‍ശിച്ചത്.

ക്രിസ്മസ് മധുരവുമായെത്തിയ പി.കെ കുഞ്ഞാലികുട്ടിയുമായി സഭാ നേതൃത്വം രാഷ്ട്രീയകാര്യങ്ങളും ചര്‍ച്ച ചെയ്തു. എല്ലാ കാലത്തും സഭയ്ക്ക് ഒപ്പം നിലകൊണ്ടകാര്യം പി.കെ കുഞ്ഞാലികുട്ടി ആവര്‍ത്തിച്ചു. തെറ്റിദ്ധാരണകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാന്‍ തയ്യാറാണെന്നും കര്‍ദിനാളിനെ അറിയിച്ചു.

സഭാ മേലധ്യക്ഷന്‍മാരുമായുള്ള ചര്‍ച്ച തുടരാനാണ് ലീഗ് തീരുമാനം. വരും ദിവസങ്ങളില്‍ കൂടുതല്‍ മേലധ്യക്ഷന്‍മാരെ പി കെ കുഞ്ഞാലികുട്ടി കാണും.