ലക്ഷദ്വീപിൽ കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനെതിരെ പ്രതിഷേധം ശക്തം
ആവശ്യത്തിന് ചികിത്സാ സൌകര്യങ്ങളില്ലാത്ത ദ്വീപില്‍ ഇത് രോഗവ്യാപനത്തിനിടയാക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്

ലക്ഷദ്വീപിൽ കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. 48 മണിക്കൂറിന് മുമ്പ് കോവിഡ് ടെസ്റ്റ് നടത്തി രോഗമില്ലെന്ന് സ്ഥിരീകരിച്ചവര്‍ക്ക് ലക്ഷദ്വീപിലെത്താമെന്ന് പുതിയ മാര്‍ഗനിര്‍ദ്ദേശം. ആവശ്യത്തിന് ചികിത്സാ സൌകര്യങ്ങളില്ലാത്ത ദ്വീപില്‍ ഇത് രോഗവ്യാപനത്തിനിടയാക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
രാജ്യത്തിന്റെ ഒട്ടുമിക്കഭാഗങ്ങളിലും കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തിട്ടും ലക്ഷദ്വീപ് സാധാരണ നിലയിലായിരുന്നു .പുറത്ത് നിന്നും ആരെയും ക്വാറന്റെന് ഇല്ലാതെ പ്രവേശിപ്പിക്കാതിരുന്നതോടെയാണ് ദ്വീപ് സുരക്ഷിതമായിരുന്നത്. . എന്നാല്‍ പുതിയ എസ്.ഒ.പി പ്രകാരം 48 മണിക്കൂറിനുള്ളിലെ പരിശോധനാ ഫലം നെഗറ്റീവായാല്‍ ആര്‍ക്കും ദ്വീപിലേക്ക് എത്താന്‍ കഴിയും .ഇതാണിപ്പോൾ ദ്വീപിൽ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.
ആര്‍ക്കെങ്കിലും കോവിഡ് ബാധിച്ചാല്‍ ജനസാന്ദ്രത കൂടിയ ദ്വീപില്‍ വൈറസ് ബാധ രൂക്ഷമായിരിക്കും. രോഗം ബാധിക്കുന്നവര്‍ക്ക് നല്കാന് മതിയായ ചികിത്സാ സൌകര്യമില്ലെന്നും നാട്ടുകാര്‍ പറയുന്നു. ആവശ്യത്തിന് വെന്റിലേറ്റര്‍ സൌകര്യവുമില്ല. ദ്വീപില്‍ കൂടുതലാളുകള്‍ക്ക് രോഗം ബാധിച്ചാല്‍ അത്യാസന്ന നിലയിലുള്ളവരെ കൊച്ചിയിലേക്ക് വ്യോമ മാര്‍ഗം മാത്രമാണ് മാറ്റാനാകുക. ഇതിനുള്ള സൌകര്യവും നിലവില്‍ അധികൃതര്‍ ഒരുക്കിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. എസ്.ഒ.പി പിന്‍വലിക്കും വരെ പ്രതിഷേധം തുടരാനാണ് വിവിധ രാഷ്ട്രീയ പാർട്ടികളുടെ തീരുമാനം .