LiveTV

Live

Kerala

ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ആശുപത്രിയിലെത്തി ചോദ്യംചെയ്യുന്നു

ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യുന്നത്.

ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ആശുപത്രിയിലെത്തി ചോദ്യംചെയ്യുന്നു

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് വീണ്ടും ചോദ്യംചെയ്യുന്നു. ഇബ്രാഹിം കുഞ്ഞ് ചികിത്സയില്‍ കഴിയുന്ന സ്വകാര്യ ആശുപത്രിയിലെത്തിയാണ് ചോദ്യം ചെയ്യൽ. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യുന്നത്.

ചികിത്സയിൽ ആയതിനാൽ കസ്റ്റഡിയിൽ ചോദ്യംചെയ്യാൻ വിജിലൻസിന് സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ ചോദ്യംചെയ്യാൻ വിജിലൻസ് അനുമതി തേടിയത്. എന്നാല്‍ ഇത്തവണയും കർശന ഉപാധികളോടെയാണ് ചോദ്യംചെയ്യാനുള്ള അനുമതി കോടതി നൽകിയിട്ടുള്ളത്

രാവിലെ ഒന്‍പത് മുതല്‍ 12 വരെയും ഉച്ച കഴിഞ്ഞ് മൂന്ന് മുതല്‍ അഞ്ചു വരെയും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന് അനുമതി. ഓരോ മണിക്കൂറിനിടയില്‍ 15 മിനിട്ട് വിശ്രമം അനുവദിക്കണം. നേരത്തെ ഇബ്രാഹിം കുഞ്ഞിനെ ഒരു തവണ വിജിലന്‍സ് നേരത്തെ ചോദ്യം ചെയ്തിരുന്നു. ടെന്‍ഡറില്‍ ഇല്ലാതിരുന്ന 8.25 കോടിയുടെ മൊബിലൈസേഷന്‍ അഡ്വാന്‍സ് കുറഞ്ഞ പലിശയ്ക്ക് ആര്‍ഡിഎസ് കമ്പനിക്ക് നല്‍കിയതില്‍ അഴിമതിയുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. ആര്‍ഡിഎസ് കമ്പനിയെ പദ്ധതി നടത്തിപ്പിനായി തെരഞ്ഞെടുത്തതില്‍ ഗൂഢാലോചനയുണ്ടെന്നും വിജിലന്‍സ് വാദിക്കുന്നു.

അറസ്റ്റ് മുതല്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ് ഇബ്രാഹിംകുഞ്ഞ്. നേരത്തെ നടന്ന ചോദ്യംചെയ്യലിനോട് ഇബ്രാഹിംകുഞ്ഞ് പൂര്‍ണമായി സഹകരിച്ചില്ലെന്നാണ് വിജിലന്‍സ് നിലപാട്. കേസിലെ ഗൂഢാലോചന ഇനിയും വെളിപ്പെടാനുണ്ടെന്നാണ് വിജിലന്‍സ് പറയുന്നത്. നിലവിലെ റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് കീഴ്‌ക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കാനാണ് പ്രതിഭാഗം നീക്കം.