കണ്ണൂരില്‍ ഡപ്യൂട്ടി മേയറെ ചൊല്ലി ലീഗിൽ കലഹം; ജില്ലാ ജന.സെക്രട്ടറിയെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു
പ്രവര്‍ത്തകരുടെ വികാരം മനസിലാക്കാതെയാണ് ഡപ്യൂട്ടി മേയറെ തെരഞ്ഞെടുത്തതെന്ന് പ്രതിഷേധക്കാര്‍.
ഡപ്യൂട്ടി മേയറെ തെരഞ്ഞെടുത്തതിനെ ചൊല്ലി കണ്ണൂരിൽ ലീഗിനുളളില്‍ പ്രതിഷേധം. ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റിനെയും ജില്ലാ ജനറല്‍ സെക്രട്ടറിയെയും ഒരു സംഘം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. പ്രവര്‍ത്തകരുടെ വികാരം മനസിലാക്കാതെയാണ് ഡപ്യൂട്ടി മേയറെ തെരഞ്ഞെടുത്തതെന്ന് പ്രതിഷേധക്കാര്‍. തീരുമാനം ഐക്യകണ്ഠേനയെന്ന് ലീഗ് നേതൃത്വം.
യൂത്ത് ലീഗ് മേഖല ജനറല്‍ സെക്രട്ടറി റാഷിദിന്റെ നേതൃത്വത്തിലുളള നാലംഗ യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയത്. താണ വാര്‍ഡില്‍ നിന്നും വിജയിച്ച കെ.ഷബീനയെ ഡപ്യൂട്ടി മേയറാക്കാനുളള ലീഗ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെയായിരുന്നു പ്രതിഷേധം. ജവഹര്‍ ലൈബ്രറി ഹാളിന് പുറത്തുവെച്ച് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ മൌലവിയെയും ജില്ലാ ജനറല്‍ സെക്രട്ടറി കരിം ചേലേരിയെയും പ്രവര്‍ത്തകര്‍ തടഞ്ഞ് വെച്ചു. ലീഗ് അംഗം ഷമീമയെ തഴഞ്ഞ് കെ.ഷബീനയെ ഡപ്യൂട്ടി മേറാക്കാനുളള തീരുമാനം തിരുത്തണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
സ്ഥലത്തുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇടപെട്ടാണ് പ്രതിഷേധക്കാരെ സ്ഥലത്ത് നിന്നും ബലമായി നീക്കിയത്. എന്നാല്‍ ഷബീനയെ ഡപ്യൂട്ടി മേയറാക്കാനുളള തീരുമാനം ഐക്യകണ്ഠേനയായിരുന്നുവെന്നും പ്രതിഷേധക്കാര്‍ക്കെതിരെ പിന്നീട് നടപടിയെടുക്കുമെന്നും ലീഗ് നേതൃത്വം പറഞ്ഞു.
ആറ് കോര്‍പറേഷനുകളില്‍ യുഡിഎഫ് ഭരണം ഉറപ്പിച്ചത് കണ്ണൂരില്‍ മാത്രമാണ്. ഇവിടെ മേയറെ ചൊല്ലിയും തര്‍ക്കമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കൌണ്‍സിലര്‍മാര്‍ക്കിടയില്‍ തെരഞ്ഞെടുപ്പ് നടത്തിയാണ് മേയറെ തീരുമാനിച്ചത്.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി മാര്ട്ടിന് ജോര്‍ജ്, കെ.പി.സി.സി അംഗം ടി.ഒ മോഹനന്, മുന്‍ ഡപ്യൂട്ടി മേയര്‍ പി.കെ രാഗേഷ് എന്നിവരായിരുന്നു മേയര്‍ സ്ഥാനത്തേക്ക് അവസാന നിമിഷം വരെ പരിഗണിക്കപ്പെട്ടത്. സമവായത്തില്‍ എത്താതിരുന്നതോടെയാണ് വോട്ടെടുപ്പ് നടത്താന്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം തീരുമാനിച്ചത്. ആകെയുളള 20 കോണ്‍ഗ്രസ് അംഗങ്ങളെ ഡി.സി.സി ഓഫീസിലേക്ക് വിളിച്ച് വരുത്തിയായിരുന്നു വോട്ടെടുപ്പ്. വോട്ടെടുപ്പിന് തൊട്ടുമുന്‍പ് മാര്ട്ടിന് ജോര്‍ജ് മത്സരത്തില്‍ നിന്നും പിന്മാറി. തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍ 11 അംഗങ്ങളുടെ പിന്തുണയോടെ ടി.ഒ മോഹനന് മേയറായി തെരഞ്ഞെടുക്കപ്പെട്ടു.