സി.പി.എം, സംഘപരിവാർ താത്പര്യങ്ങളിൽ അണിചേരുന്നു: ഡോ. ആസാദ്
മുസ്ലിംലീഗിനെയും വെല്‍ഫെയര്‍ പാര്‍ട്ടിയെയും ശത്രുപക്ഷത്തു സ്ഥാപിച്ചു യുദ്ധമാരംഭിക്കുന്ന സിപിഎം വാസ്തവത്തില്‍ സംഘപരിവാര താല്‍പ്പര്യങ്ങളില്‍ അണിചേരുകയാണെന്ന് ഡോ. ആസാദ്

ഹിന്ദുത്വ ഫാഷിസം കേരളത്തില്‍പോലും പിടിമുറുക്കുന്ന സമയത്ത് ഫാഷിസ്റ്റ് വിരുദ്ധ ചേരിയെ ഭിന്നിപ്പിക്കുന്നതോ ചിതറിക്കുന്നതോ ആയ ഒരു പ്രവര്‍ത്തനവും പ്രോത്സാഹിപ്പിക്കപ്പെട്ടുകൂടാ എന്ന് രാഷ്ട്രീയ സാംസ്കാരിക നിരീക്ഷകനായ ഡോ. ആസാദ്. ന്യൂനപക്ഷ വിഭാഗങ്ങളുടെ പലവിധ വിശ്വാസങ്ങള്ക്കകത്തു പുലര്ന്നുകൊണ്ടുള്ള ഫാഷിസ്റ്റ് വിരുദ്ധവും സാമ്രാജ്യത്വ വിരുദ്ധവുമായ സമരങ്ങള്‍ കണക്കിലെടുക്കണം. ഇന്ത്യയില്‍ രൂപപ്പെടുന്ന ഫാഷിസ്റ്റ് വിരുദ്ധ ഐക്യമുന്നണിയുടെ ഭാഗമായി അവയെ വിളക്കി നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ സിപിഎമ്മിന്റെ ജമാഅത്തെ വിരോധം മുസ്ലിം ന്യൂനപക്ഷങ്ങളുടെ ഫാഷിസ്റ്റ് വിരുദ്ധ ഐക്യത്തെ ഭിന്നിപ്പിക്കാനും മുന്നോക്ക സമുദായ വോട്ടുകളെ ഒന്നിപ്പിക്കാനും മാത്രം ഉദ്ദേശിച്ചാണെന്നു ആരും സംശയിച്ചു പോകുമെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുന്നു. ജാതി ഹിന്ദുത്വ ഫാഷിസത്തിന് വളരാന്‍ മണ്ണൊരുക്കിക്കൊണ്ടുള്ള ന്യൂനപക്ഷ വിമര്‍ശനങ്ങള്‍ ഹിന്ദുത്വ അജണ്ടയുടെതന്നെ ഏറ്റെടുക്കലാവും. അനവസരത്തില്‍ മുസ്ലിംലീഗിനെയും വെല്‍ഫെയര്‍ പാര്‍ട്ടിയെയും ശത്രുപക്ഷത്തു സ്ഥാപിച്ചു യുദ്ധമാരംഭിക്കുന്ന സിപിഎം വാസ്തവത്തില്‍ സംഘപരിവാര താല്‍പ്പര്യങ്ങളില്‍ അണിചേരുകയാണ്. അതവര്‍ക്ക് ഭൂഷണമല്ലെന്നും ഡോ. ആസാദ് ഓര്‍മപ്പെടുത്തുന്നു. ആസാദ് ഓണ്‍ലൈന്‍ എന്ന തന്റെ ബ്ലോഗില്‍ എഴുതിയ ലേഖനത്തിലാണ് ഡോ. ആസാദിന്റെ ഈ നിരീക്ഷണം.