LiveTV

Live

Kerala

പുഴയിൽ ചൂണ്ടയിട്ടയാൾക്കെതിരെ വനംവകുപ്പ് കേസെടുത്തെന്ന് പരാതി

കണ്ണൂർ കേളകം സ്വദേശിയും മുൻ സൈനികനുമായ പ്രിൻസിനെതിരെയാണ് കേസെടുത്തത്. മുൻവൈരാഗ്യമാണ് ഇതിന് പിന്നിലെന്ന് പ്രിൻസ് പറയുന്നു

പുഴയിൽ ചൂണ്ടയിട്ടയാൾക്കെതിരെ വനംവകുപ്പ് കേസെടുത്തെന്ന് പരാതി

പുഴയിൽ ചൂണ്ടയിട്ടയാൾക്കെതിരെ വനംവകുപ്പ് കേസെടുത്തെന്ന് പരാതി. കണ്ണൂർ കേളകം സ്വദേശിയും മുൻ സൈനികനുമായ പ്രിൻസിനെതിരെയാണ് കേസെടുത്തത്. മുൻവൈരാഗ്യമാണ് ഇതിന് പിന്നിലെന്ന് പ്രിൻസ് പറയുന്നു. എന്നാൽ വനത്തിൽ അതിക്രമിച്ച് കടന്നതിനാണ് കേസെടുത്തതെന്നാണ് വനംവകുപ്പിന്‍റെ വിശദീകരണം. ആറളം വന്യജീവി സങ്കേതത്തിനോട് ചേർന്നൊഴുകുന്ന ചീങ്കണ്ണി പുഴയിൽ ചൂണ്ടയിട്ടതിന് വനംവകുപ്പ് കേസെടുത്തെന്നാണ് പരാതി.

ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കേളകം പൂക്കുണ്ടിൽ ആദിവാസികൾക്കൊപ്പം പുഴയിൽ ചൂണ്ടയിടുകയായിരുന്ന പ്രിൻസിനെതിരെ വനം വകുപ്പ് കേസെടുത്തെന്നാണ് ആരോപണം. ബലമായി ചൂണ്ട പിടിച്ചു വാങ്ങുകയും ചെയ്തു. തന്നോടുള്ള മുൻവൈരാഗ്യമാണ് കേസെടുക്കാൻ കാരണമെന്ന് പ്രിൻസ് പറഞ്ഞു. കഴിഞ്ഞ മാസം പുഴയിൽ വലയിട്ട് മീൻ പിടിക്കാൻ ശ്രമിച്ച ഇയാളെ വനം വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു.

സംഭവം അന്ന് ഒത്തുതീർപ്പാവുകയും ചെയ്തിരുന്നു. എന്നാൽ വന്യജീവി സങ്കേതത്തിനുള്ളിൽ അതിക്രമിച്ച് കടന്നതിനാണ് ഇപ്പോൾ ഇയാൾക്കെതിരെ കേസെടുത്തതെന്നാണ് വനം വകുപ്പിന്‍റെ വിശദീകരണം. നടപടിക്കെതിരെ പ്രദേശവാസികള്‍ ആറളം വനം വന്യജീവി ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചു. പേരാവൂർ എം.എൽ.എ സണ്ണി ജോസഫിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.