അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം; വെള്ളറ അബ്ദു കൊടുവള്ളി നഗരസഭ ചെയർമാനായി
മുൻ വൈസ് ചെയർമാനായിരുന്ന എ.പി മജീദിനെ ചെയർമാനാക്കണമെന്നായിരുന്നു കൊടുവള്ളിയിലെ ലീഗ് നേതൃത്വത്തിന്റെയും കൗൺസിലർമാരുടെയും ആവശ്യം

അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് കൊടുവള്ളി നഗരസഭ ചെയർമാനായി വെള്ളറ അബ്ദുവിനെ മുസ്ലിം ലീഗ് പ്രഖ്യാപിച്ചു. മുൻ വൈസ് ചെയർമാനായിരുന്ന എ.പി മജീദിനെ ചെയർമാനാക്കണമെന്നായിരുന്നു കൊടുവള്ളിയിലെ ലീഗ് നേതൃത്വത്തിന്റെയും കൗൺസിലർമാരുടെയും ആവശ്യം. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ നയം മറികടന്ന് നാലാം തവണ മത്സരിച്ച മജീദിനെ ഇപ്പോള്‍ ചെയര്മാനാക്കാനാവില്ലന്ന നിലപാടിലായിരുന്നു ലീഗ് സംസ്ഥാന നേതൃത്വം.
മൂന്നുതവണ മത്സരിച്ചവര്‍ വീണ്ടും മത്സരിക്കരുതെന്ന പാര്‍ട്ടി തീരുമാനം മറികടന്ന് സ്ഥാനാര്‍ഥിയായതിനാല്‍ നിലവിലെ വൈസ് ചെയര്‍മാനായിരുന്ന എ.പി മജീദിനെ ലീഗ് സസ്പെന്റ് ചെയ്തിരുന്നു. അത് അംഗീകരിക്കാതിരുന്ന പ്രാദേശിക നേതൃത്വം മജീദിന് പിന്നില്‍ ഉറച്ചുനിന്നു. ഫലം വന്നതിനുശേഷം യു.ഡി.എഫിന് മൃഗീയ ഭൂരിപക്ഷം ലഭിച്ചപ്പോള്‍ മജീദിനെ ചെയര്‍മാനാക്കണമെന്ന നിലപാടിലായിരുന്നു വിജയിച്ചുവന്ന മുഴുവന്‍ യു.ഡി.എഫ് കൗണ്‍സിലര്‍മാരും.
ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന നേതൃത്വത്തിന് കത്തും നല്കി. പക്ഷെ കൗണ്‍സിലര്‍മാരുടെ ആവശ്യം തള്ളുന്ന തീരുമാനമാണ് സംസ്ഥാന നേതൃത്വമെടുത്തത്. സസ്പെന്റ് ചെയ്തയാളെ ചെയര്‍മാനാക്കിയാല്‍ വിവാദമുണ്ടാമകുമെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് വെള്ളറ അബ്ദുവിനെ ചെയര്‍മാനാക്കാന്‍ തീരുമാനിച്ചത്. ആറ് മാസത്തിനകം എ.പി മജീദിനെ ചെയര്‍മാനാക്കാമെന്ന ഉറപ്പ് ലീഗ് നേതൃത്വം നല്കിയിട്ടുണ്ടന്നാണ് സൂചന.