LiveTV

Live

Kerala

പ്രത്യേക സഭാസമ്മേളനത്തിന് ഗവർണർ നാളെ അനുമതി നല്‍കിയേക്കും

തീരുമാനത്തില്‍ പ്രതീക്ഷയർപ്പിച്ച് സർക്കാർ; നയപ്രഖ്യാപനത്തില്‍ ഗവർണറുടെ നിലപാട് നിർണായകം

പ്രത്യേക സഭാസമ്മേളനത്തിന് ഗവർണർ നാളെ അനുമതി നല്‍കിയേക്കും

വ്യാഴാഴ്ച ചേരാനുദ്ദേശിക്കുന്ന നിയമസഭ പ്രത്യേക സമ്മേളനത്തിന് ഗവര്‍ണര്‍ നാളെ അനുമതി നല്‍കിയേക്കും.സമ്മേളത്തിന് അനുമതി നല്‍കുമെന്ന് ഗവര്‍ണര്‍, സ്പീക്കറെ അറിയിച്ച സാഹചര്യത്തില്‍ ആശ്വാസം നല്‍കുന്ന തീരുമാനം നാളെ ഉണ്ടാകുമെന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ. അതേസമയം നയപ്രഖ്യാപന പ്രസംഗത്തില്‍ കര്‍ഷകനിയമത്തിനെതിരായ നിലപാട് വ്യക്തമാക്കിയത് ഗവര്‍ണര്‍ വായിക്കുമോ എന്ന ആശങ്ക സര്‍ക്കാരിനിപ്പോഴുമുണ്ട്.

കേന്ദ്രത്തിന്‍റെ കര്‍ഷക നിയമത്തിനെതിരായി നിയമസഭയില്‍ പ്രമേയം പാസ്സാക്കാനുള്ള സര്‍ക്കാരിന്‍റെ ആദ്യനീക്കത്തെ ഗവര്‍ണര്‍ തടഞ്ഞിരുന്നു. സഭ ചേരാനുള്ള അടിയന്തിര സാഹചര്യമില്ലെന്ന് ഗവര്‍ണര്‍ നിലപാട് സ്വീകരിച്ചെങ്കിലും ഈ വര്‍ഷത്തെ അവസാന ദിവസം തന്നെ സഭ ചേര്‍ന്ന് പ്രമേയം പാസ്സാക്കാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍ എത്തിച്ചേര്‍ന്നത്. ഇതില്‍ ഗവര്‍ണര്‍ക്കുള്ള അതൃപ്തി മറികടക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായിട്ടാണ് മന്ത്രിമാരും സ്പീക്കറും ആരിഫ് മുഹമ്മദ് ഖാനെ കണ്ടത്. ഇതോടെ അയഞ്ഞ ഗവര്‍ണര്‍ പ്രത്യേക സഭാസമ്മേളനത്തിനുള്ള അനുമതി നാളെ നല്‍കാനാണ് സാധ്യത.

ഇന്നലെ കൂടിക്കാഴ്ചക്ക് എത്തിയ സ്പീക്കറോടും അതൃപ്തി പ്രകടമാക്കിയെങ്കിലും സമ്മേളനത്തിന് അനുമതി നല്‍കുമെന്ന് ഗവര്‍ണര്‍ അറിയിച്ചിട്ടുണ്ട്. അവധി ദിവസങ്ങള്‍ ആയതിനാലാണ് രേഖാമൂലമുള്ള അറിയിപ്പ് വൈകുന്നത്. നാളെ രാവിലെ തന്നെ നിയമസഭ സമ്മേളിക്കാനുള്ള ഗവര്‍ണറുടെ അനുമതി സര്‍ക്കാരിന് ലഭിച്ചേക്കും.

31 ന് രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്ന സഭ ഒരു മണിക്കൂറാണ് നീണ്ട് നില്‍ക്കുന്നത്. കേന്ദ്രത്തിന്‍റെ കാര്‍ഷിക നിയമത്തിനെതിരായ പ്രമേയം പാസ്സാക്കാനുള്ള ചര്‍ച്ചയില്‍ കക്ഷി നേതാക്കള്‍ക്ക് മാത്രമാണ് സംസാരിക്കാന്‍ അവസരം. ജനുവരി എട്ടിന് ആരംഭിക്കുന്ന നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ കാര്‍ഷിക നിയമത്തിനെതിരായ ബദല്‍ നിയമം കൊണ്ട് വരാനുള്ള നീക്കവും സര്‍ക്കാര്‍ നടത്തുന്നുണ്ട്.

അതേസമയം കേന്ദ്ര നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസ്സാക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന സര്‍ക്കാരിന്‍റെ നിലപാട് ഇനി മുതല്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് വഴിവെച്ചേക്കും. കര്‍ഷക നിയമത്തിനെതിരെ മന്ത്രിസഭ ഉള്‍പ്പെടുത്തിയ നയപ്രഖ്യാപനത്തിലെ ഭാഗം ഗവര്‍ണര്‍ വായിക്കുമോ എന്നാണ് ഇടത് മുന്നണി ഉറ്റ് നോക്കുന്നത്.