LiveTV

Live

Kerala

''എന്‍റെ മോന്‍ പിടഞ്ഞ് മരിച്ച പോലെ അവരെയും തൂക്കിക്കൊല്ലാന്‍ വിധിക്കണം...''

സ്ത്രീധനം ചോദിച്ചെന്ന് കാണിച്ച് ഹരിതയുടെ കുടുംബം വക്കീൽ നോട്ടീസ് അയച്ചെന്നും ഹരിതയുടെ മുത്തച്ഛനാണ് കൊലപാതകത്തിന്‍റെ സൂത്രധാരനെന്നും അനീഷിന്‍റെ മാതാപിതാക്കള്‍

''എന്‍റെ മോന്‍ പിടഞ്ഞ് മരിച്ച പോലെ അവരെയും തൂക്കിക്കൊല്ലാന്‍ വിധിക്കണം...''

പാലക്കാട് തേങ്കുറിശിയിൽ കൊല്ലപ്പെട്ട അനീഷിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചിരുന്നതായി അനീഷിന്‍റെ കുടുംബം മീഡിയവണിനോട്. സ്ത്രീധനം ചോദിച്ചെന്ന് ആരോപിച്ച് അനീഷിന്‍റെ ഭാര്യ ഹരിതയുടെ കുടുംബം വക്കീൽ നോട്ടീസ് അയച്ചു. ഹരിതയുടെ മുത്തച്ഛനാണ് കൊലപാതകത്തിന്‍റെ സൂത്രധാരൻ. ഹരിതയെ സംരക്ഷിക്കുമെന്നും പ്രതികൾക്ക് വധശിക്ഷ തന്നെ നൽകണമെന്നും അനീഷിന്‍റെ അമ്മ രാധ പറഞ്ഞു.

അനീഷിന്‍റെ കൊലപാതകത്തില്‍, ഭാര്യ ഹരിതയുടെ അച്ഛൻ പ്രഭു കുമാർ, അമ്മാവൻ സുരേഷ് എന്നിവരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി പാലക്കാട് ജില്ലാ കലക്ടർ ഉത്തരവിറക്കിയിട്ടുണ്ട്.

അനീഷിന് മുമ്പും ഭീഷണിയുണ്ടായിരുന്നതായി കുടുംബം നേരത്തെ പറഞ്ഞിരുന്നു. ഹരിതയുടെ അമ്മാവൻ വീട്ടിൽ വന്ന് അനീഷിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തി ഫോൺ എടുത്ത് കൊണ്ടു പോയി. പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.. സാമ്പത്തികമായി പിന്നാക്കമായതാണ് കൊലപാതകത്തിന് കാരണമെന്ന് അനീഷിന്‍റെ അച്ഛൻ ആറുമുഖനും സഹോദരൻ അരുണും പറഞ്ഞിരുന്നു. വാൾ ഉപയോഗിച്ചാണ് അനീഷിനെ വെട്ടിയത്. തന്നെയും വെട്ടാൻ ശ്രമിച്ചെന്നും അനീഷിന്‍റെ സഹോദരന്‍ അരുണ്‍ കൂട്ടിച്ചേര്‍ത്തു..

പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരിൽ എലമന്ദം സ്വദേശി അനീഷിനെ ഭാര്യയുടെ പിതാവും അമ്മാവനും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് 6.30 ഓടെയാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. ബൈക്കിൽ കടയിലേക്ക് പോയ അനീഷിനേയും സഹോദരനേയും ഭാര്യ ഹരിതയുടെ അച്ഛൻ പ്രഭുകുമാറും അമ്മാവൻ സുരേഷും ചേർന്ന് വെട്ടുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി അനീഷ് മരിച്ചു. മൂന്ന് മാസം മുൻപാണ് ഹരിതയും അനീഷും പ്രണയിച്ച് വിവാഹം കഴിച്ചത്.