'ജീവിതകാലത്ത് ഒരു ഘട്ടത്തിലും ആഗ്രഹിച്ചിട്ടില്ലാത്ത കാര്യങ്ങൾ ആണ് മരണാനന്തരം നടന്നത്'; പാര്‍ട്ടി പതാക പുതപ്പിച്ചതിനെതിരെ എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി
മരണാനന്തര ചടങ്ങുകളിലെ പാർട്ടിവത്കരണം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി എ.പി മുഹമ്മദ് അഷ്ഹര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു

കാഞ്ഞങ്ങാട് കൊല ചെയ്യപ്പെട്ട അബ്ദുര്‍റഹ്മാന്‍ ഔഫിന്റെ ജനാസയില്‍ പാര്‍ട്ടി പതാക പുതപ്പിച്ച സംഭവത്തില്‍ കടുത്ത വിമര്‍ശനവുമായി എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി. ജീവിതകാലത്ത് ഒരു ഘട്ടത്തിലും ഔഫ് ആഗ്രഹിച്ചിട്ടില്ലാത്ത കാര്യങ്ങൾ ആണ് മരണാനന്തരം നടന്നതെന്നും മരണാനന്തര ചടങ്ങുകളിലെ പാർട്ടിവത്കരണം ഒഴിവാക്കേണ്ടതായിരുന്നുവെന്നും എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി എ.പി മുഹമ്മദ് അഷ്ഹര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
മരണാനന്തര ചടങ്ങുകളിലെ പാർട്ടി വത്കരണം ഒഴിവാക്കേണ്ടതായിരുന്നു. സി.പി.എം ഒരൽപം കൂടി ഉയർന്നു ചിന്തിക്കേണ്ടിയിരുന്നുവെന്നും എ.പി മുഹമ്മദ് അഷ്ഹര്‍ കുറിപ്പില്‍ പറഞ്ഞു. സജീവ എസ്.വൈ.എസ് പ്രവർത്തകനായിരുന്ന കൊല്ലപ്പെട്ട അബ്ദുറഹ്മാൻ ഔഫ് കക്ഷി രാഷ്ട്രീയ വടംവലികളിൽ തൽപരനായിരുന്നില്ലെന്നും അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിച്ചാല്‍ അത് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ പാര്‍ട്ടി പതാക പുതപ്പിച്ച് സംഭവത്തില്‍ വിമര്‍ശനവുമായി എസ്.വൈ.എസ് കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും പ്രമുഖ എ.പി സുന്നി പ്രസിദ്ധീകരണമായ 'രിസാല 'വാരികയുടെ ചീഫ് സബ് എഡിറ്ററുമായ മുഹമ്മദലി കിനാലൂര്‍ രംഗത്തുവന്നിരുന്നു. മരണാനന്തരമുള്ള അവകാശങ്ങളില്‍ ചിലത് ഔഫിന് നിഷേധിക്കപ്പെട്ടതായി മുഹമ്മദലി കിനാലൂര്‍ പ്രതികരിച്ചു.
എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എ.പി മുഹമ്മദ് അഷ്ഹറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
തെരഞ്ഞെടുപ്പിൽ ഇടതുപക്ഷാനുകൂല നിലപാട് സ്വീകരിച്ചു എന്ന തെറ്റിനാണ് ലീഗുകാർ ഔഫിനെ കൊന്നു തള്ളിയത്. കുടുംബത്തിന് സംരക്ഷണം ഉറപ്പു വരുത്തി സി പി എം വിഷയം ഏറ്റെടുക്കുകയാണുണ്ടായത്. അത് രാഷ്ട്രീയ മാന്യതയായി കണക്കാക്കാം. എന്നാൽ മരണാനന്തര ചടങ്ങുകളിൽ പോലും പാർട്ടിയെ പുതപ്പിച്ചു പൊലിപ്പിക്കാനുള്ള വ്യഗ്രത വേണ്ടിയിരുന്നില്ല. ജീവിതകാലത്ത് ഒരു ഘട്ടത്തിലും ഔഫ് ആഗ്രഹിച്ചിട്ടില്ലാത്ത കാര്യങ്ങൾ ആണ് മരണാനന്തരം നടന്നത്. മരണാനന്തര ചടങ്ങുകളിലെ പാർട്ടി വത്കരണം ഒഴിവാക്കേണ്ടതായിരുന്നു. സി പി എം ഒരൽപം കൂടി ഉയർന്നു ചിന്തിക്കേണ്ടിയിരുന്നു. സജീവ എസ്.വൈ.എസ് പ്രവർത്തകനായിരുന്നു കൊല്ലപ്പെട്ട അബ്ദുറഹ്മാൻ ഔഫ്. സൗമ്യനായ വ്യക്തിത്വം. കക്ഷി രാഷ്ട്രീയ വടംവലികളിൽ തൽപരനായിരുന്നില്ല ഔഫെന്നത് ഔഫിനെ അറിയാവുന്നവർക്കെല്ലാമറിയാം. അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പോലും മറ്റൊന്ന് പറയുന്നില്ല. ജീവിതകാലത്ത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ സജീവ പ്രവർത്തകനായി പ്രത്യക്ഷപ്പെട്ടിട്ടുമില്ല.....വിട പറഞ്ഞ സഹപ്രവർത്തകന് അകം നിറഞ്ഞ പ്രാർഥനകളാണ് ഇനിയും നൽകാനുള്ളത്. അതിലൊരു കുറവും വരുത്താതെ നിസ്കാരവും തഹ് ലീലും ദുആയും നിറഞ്ഞ് നിൽക്കണം. നാഥൻ പ്രിയ കൂട്ടുകാരന്റെ പരലോകജീവിതം സന്തോഷകരമാക്കട്ടെ...