മുമ്പും ഭീഷണിയുണ്ടായിരുന്നു, പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് ദുരഭിമാനക്കൊലക്ക് ഇരയായ അനീഷിന്റെ ബന്ധുക്കള്‍
സാമ്പത്തികമായി പിന്നാക്കമായതാണ് കൊലപാതകത്തിന് കാരണമെന്നും അനീഷിന്റെ അച്ഛൻ ആറുമുഖനും സഹോദരൻ അരുണും മീഡിയവണിനോട് പറഞ്ഞു
പാലക്കാട് കുഴൽമന്ദം തേനൂരിൽ ദുരഭിമാന കൊലയ്ക്കിരയായ അനീഷിന് മുമ്പും ഭീഷണിയുണ്ടായിരുന്നതായി കുടുംബം. ഭാര്യയുടെ അമ്മാവൻ വീട്ടിൽ വന്ന് അനീഷിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തി ഫോൺ എടുത്ത് കൊണ്ടു പോയി. പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.. സാമ്പത്തികമായി പിന്നാക്കമായതാണ് കൊലപാതകത്തിന് കാരണമെന്നും അനീഷിന്റെ അച്ഛൻ ആറുമുഖനും സഹോദരൻ അരുണും മീഡിയവണിനോട് പറഞ്ഞു. വാൾ ഉപയോഗിച്ചാണ് അനീഷിനെ വെട്ടിയത്. തന്നെയും വെട്ടാൻ ശ്രമിച്ചെന്നും അനീഷിന്റെ സഹോദരന് അരുണ്‍ കൂട്ടിച്ചേര്‍ത്തു.
കേസില്‍ പെൺകുട്ടിയുടെ അച്ഛനും അമ്മാവനും പൊലീസ് കസ്റ്റഡിയിലാണുള്ളത്. അച്ഛൻ പ്രഭു കുമാർ, അമ്മാവൻ സുരേഷ് എന്നിവരെയാണ് കുഴൽ മന്ദം പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ എലമന്ദം സ്വദേശി അനീഷിനെ ഭാര്യയുടെ പിതാവും അമ്മാവനും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ വൈകീട്ട് 6.30 ഓടെയാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. ബൈക്കിൽ കടയിലേക്ക് പോയ അനീഷിനേയും സഹോദരനേയും ഭാര്യ ഹരിതയുടെ അച്ഛൻ പ്രഭുകുമാറും അമ്മാവൻ സുരേഷും ചേർന്ന് വെട്ടുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി അനീഷ് മരിച്ചു. മൂന്ന് മാസം മുൻപാണ് ഹരിതയും അനീഷും പ്രണയിച്ച് വിവാഹം കഴിച്ചത്.
അനീഷിന്റെ കൊലപാതകത്തിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കപ്പെടണമെന്ന് ആലത്തൂർ എംഎൽഎ. വീണ്ടും ഒരു ദുരഭിമാന കൊല ഉണ്ടായതിൽ നാടിന് അപമാനമെന്നും കെ. ഡി പ്രസേനൻ എംഎല്‍എ. കൊല്ലപ്പെട്ട അനീഷിന്റെ വീട് സന്ദര്‍ശിച്ച ശേഷമാണ് എം.എല്‍.എയുടെ പ്രതികരണം.
എന്നാല്‍ അനീഷിന്റെ കൊലപാതകം ദുരഭിമാന കൊലയാണോ എന്ന് അന്വേഷണത്തിന് ശേഷമേ പറയാനാകൂ എന്ന് പാലക്കാട് എസ്പി സുജിത് ദാസ് പറഞ്ഞു. പൊലീസിന്റെ ഭാഗത്തു നിന്ന് വീഴ്ച്ചയുണ്ടായിട്ടില്ല. അനീഷിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ ശേഷം അമ്മാവനെയും പെൺകുട്ടിയുടെ വീട്ടുകാരെയും വിളിച്ച് പ്രശ്നമുണ്ടാക്കരുതെന്ന് ആവശ്യപ്പെട്ടതാണ്. ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തണമെന്നും എസ് പി പറഞ്ഞു..