LiveTV

Live

Kerala

തിരുപ്പിറവിയുടെ ഓര്‍മ പുതുക്കി ഇന്ന് ക്രിസ്തുമസ്

സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശവുമായി ലോകമെങ്ങും ആഘോഷം; ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകള്‍

തിരുപ്പിറവിയുടെ ഓര്‍മ പുതുക്കി ഇന്ന് ക്രിസ്തുമസ്

തിരുപ്പിറവിയുടെ ഓര്‍മ പുതുക്കി ഇന്ന് ക്രിസ്തുമസ്. ശാന്തിയുടെയും സമാധാനത്തിന്‍റെയും സന്ദേശമോതി ലോകമെങ്ങുമുള്ള വിശ്വാസികള്‍ ക്രിസ്തുമസ് ആഘോഷത്തിലാണ്. പള്ളികളും വീടുകളുമെല്ലാം പുല്‍ക്കൂടുകളും ക്രിസ്തുമസ് ട്രീകളാലും അലംകൃതമാണ്.

ബെത്‍ലഹേമിലെ കാലിത്തൊഴുത്തില്‍ കരുണയുടെയും ശാന്തിയുടെയും ദൂതുമായി യേശു പിറന്നതിന്‍റെ ഓര്‍മയിലാണ് വിശ്വാസികള്‍. സഹനത്തിന്‍റെയും അതിജീവനത്തിന്‍റെയും പാഠങ്ങള്‍ പകര്‍ന്ന് നല്‍കിയാണ് യേശുവിന്‍റെ പുല്‍ക്കൂട്ടിലെ ജനനം. അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം, ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം എന്ന വചനം ആവര്‍ത്തിക്കുകയാണ് ഓരോ ക്രിസ്തുമസും. വിശ്വാസ ദീപ്തിയില്‍ വിണ്ണിലും മണ്ണിലും നക്ഷത്ര വിളക്കുമായി വിശ്വാസികള്‍ പുണ്യരാവിനെ എതിരേറ്റു. പ്രത്യാശയുടെയും സമാധാനത്തിന്‍റെയും സന്ദേശമാണ് ക്രിസ്മസ് നല്‍കുന്നത്.

കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. വീടുകളിലും പള്ളികളിലുമെല്ലാം പുല്‍ക്കൂടുകളും ക്രിസ്തുമസ് ട്രീയും നക്ഷത്രങ്ങളും ഒരുക്കിയിട്ടുണ്ട്. ക്രിസ്തുമസ് ആഘോഷങ്ങളില്‍ പ്രധാനമാണ് രാത്രിയിലെ കരോള്‍ സംഘങ്ങള്‍. ജാതിമത ചിന്തകള്‍ക്കപ്പുറം ആശംസകള്‍ പറഞ്ഞും സമ്മാനങ്ങള്‍ കൈമാറിയും ലോകമെങ്ങും ക്രിസ്മസ് ആഘോഷിക്കുകയാണ്.

തിരുപിറവി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ പ്രത്യേക ശുശ്രൂഷയും പാതിരാ കുർബാനയും നടന്നു. വിവിധ ക്രൈസ്തവ സഭ മേലധ്യക്ഷന്മാർ ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു. കോവിഡ് നിയന്ത്രണങ്ങളോടെയായിരുന്നു ചടങ്ങുകൾ.

തിരുവനന്തപുരം പട്ടം സെൻറ് മേരീസ് കത്തീഡ്രലിൽ മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവ തിരുപ്പിറവി ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു. പാളയം സെന്‍റ് ജോസഫ് കത്തീഡ്രലിൽ ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് സൂസപാക്യത്തിന്‍റെ കാർമികത്വത്തിൽ ചടങ്ങുകൾ നടന്നു.

എറണാകുളം സെന്‍റ് മേരീസ് ബസലിക്കയിൽ നടന്ന തിരുപ്പിറവി പ്രാർഥനകളിൽ സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കാർമികത്വം വഹിച്ചു. ക്രിസ്തു ജനിച്ച സമയത്തേതിന് സമാനമായി ക്ലേശകരമായ സാഹചര്യങ്ങളിലൂടെയാണ് ലോകം കടന്ന് പോകുന്നതെന്ന് മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.

യാക്കോബായ സുറിയാനി സഭ കാതോലിക്ക ബാവ, പുത്തൻകുരിശ് മോർ അത്താനാസിയോസ് കത്തീഡ്രലിൽ ജനന പെരുന്നാൾ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. കോവിഡ് കാലമായതിനാല്‍ കോട്ടയത്ത് രാത്രിയിലെ പൂർണ കുർബാന ഒഴിവാക്കി തിരുപ്പിറവിയുടെ ചടങ്ങുകൾ ആണ് പല ദേവാലയങ്ങളിലും വിവിധ സഭകൾ നടത്തിയത്. കോഴിക്കോട് ദേവമാത കത്തീഡ്രലിൽ നടന്ന തിരുപ്പിറവി ദിവ്യബലിക്ക്കോഴിക്കോട് രൂപത ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ കാർമ്മികത്വം വഹിച്ചു. കർശന കോവിഡ് നിയന്ത്രങ്ങളോടെയായിരുന്നു ദേവലയങ്ങളിൽ തിരുപ്പിറവി ചടങ്ങുകൾ.

കോവിഡ് കാലത്തെ ക്രിസ്മസ് ആഘോഷങ്ങൾ നൽകുന്നത് അതീജിനത്തിനുള്ള കരുത്തുകൂടിയാണ്. നിയന്ത്രണങ്ങൾക്കിടയിലെങ്കിലും ഇരട്ടിയാണ് ഇത്തവണ ആവേശം.

ആൾക്കൂട്ടങ്ങൾ ഇല്ല... ആരവങ്ങൾ കുറവ്.... വിശ്വാസികൾ വീടുകളിലാണ്... എങ്കിലും പള്ളികളിലെ പ്രത്യേക പ്രാര്‍ത്ഥനകൾ മുടങ്ങിയില്ല... പരസ്പരം കൈമാറുന്ന ക്രിസ്തുമസ് സന്ദേശങ്ങൾക്ക് ഇക്കുറി ഇരട്ടി മൂല്യം.... കൂറ്റൻ നക്ഷത്രങ്ങളും, പുൽക്കൂടും ഒരുക്കാൻ മുമ്പത്തേക്കാൾ ഉത്സാഹം... സാന്‍റയുടെ യാത്രകൾ പതിവ് ദൂരമെത്തിയില്ലെങ്കിലും കുഞ്ഞു മനസ്സുകൾ കൂടെയുണ്ട്.... തിരുപിറവിയുടെ സ്മരണങ്ങൾ ലോകമെമ്പാടുമുള്ള ജനങ്ങളുടെ മനസ്സിൽ പ്രതീക്ഷയുടെ നക്ഷത്രമായി......

ആഘോഷങ്ങൾ വീട്ടിലൊതുങ്ങിയ ഈ ക്രിസ്മസ് കാലം പുതിയ അനുഭവമാണ്... പാഠമാണ്... ഏറ്റവും അടുത്തൊരു പുലരിയിൽ ലോകം ഉണരുന്നത് മഹാമാരിയില്ലാത്ത നന്മയുടെ കാലത്തേക്കാണ്... അതേ നമ്മൾ ആത്മവിശ്വാസത്തോടെ കാത്തിരിക്കുന്നു ഇരട്ടി ആഘോഷങ്ങളോടെയുള്ള അടുത്ത ക്രിസ്തുമസ് കാലത്തിനായി....