കാഞ്ഞങ്ങാട് കൊലപാതകം: മുഖ്യപ്രതി ഇർഷാദിനെ കാഞ്ഞങ്ങാട്ടെത്തിച്ചു
മംഗലുരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇർഷാദ്. മൂന്ന് പ്രതികളുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും

കാസർകോട് കല്ലൂരാവിയിലെ അബ്ദുറഹ്മാൻ ഔഫ് വധത്തിൽ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കേസിലെ മുഖ്യപ്രതി ഇർഷാദിനെ കാഞ്ഞങ്ങാട്ടെത്തിച്ചു. മംഗലുരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇർഷാദ്. ഇർഷാദിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. മുണ്ടത്തോട് സ്വദ്ദേശി ഇസ്ഹാഖിനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആയിരങ്ങളുടെ സാന്നിധ്യത്തിൽ അബ്ദുറഹ്മാൻ ഔഫിന്റെ മൃതദേഹം പഴയ കടപ്പുറം ജുമാ മസ്ജിദിൽ ഖബറടക്കി. കാഞ്ഞങ്ങാട് നിലേശ്വരം നഗരസഭാ പ്രദേശത്ത് ലീഗ് ഓഫീസുകൾക്ക് നേരെ വ്യാപക ആക്രമമുണ്ടായി.
കല്ലുരാവി മുണ്ടത്തോട്ട് ബുധനാഴ്ച രാത്രി 10 മണിയോടെയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകനായ പഴയ കടപ്പുറം സ്വദേശി അബ്ദുറഹ്മാൻ ഔഫ് കുത്തേറ്റ് മരിച്ചത്. സംഘർഷത്തിൽ ലീഗ് പ്രവർത്തകനായ ഇർഷാദിന് കൂടി പരിക്കേറ്റിരുന്നു. യൂത്ത് ലീഗ് മുൻസിപ്പൽ സെക്രട്ടറി ഇർഷാദ്, മുണ്ടത്തോട് സ്വദ്ദേശികളായ ഇസ്ഹാഖ്, ഹസ്സൻ എന്നിവരെ പ്രതിചേർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇസ്ഹാഖ് പൊലീസ് കസ്റ്റഡിയിലാണ്. മംഗളൂരുവിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോള് ഇർഷാദിന് പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. ഹസ്സൻ പൊലീസ് പിടിയിലായതായി സൂചനയുണ്ട്. മൂന്ന് പ്രതികളുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നാണ് സൂചന.
പോസ്റ്റ്മോർട്ടത്തിന് ശേഷം പരിയാരത്ത് നിന്ന് വിലാപയാത്രയായി ജില്ലാ അതിർത്തിയാൽ എത്തിച്ച മൃതദേഹം കാലിക്കടവ്, ചെറുവത്തൂർ, നീലേശ്വരം, അലാമിപള്ളി, പുതിയ കോട്ടാ, കാഞ്ഞങ്ങാട് നഗരം എന്നീ കേന്ദ്രങ്ങളിൽ പൊതുദർശനത്തിന് വെച്ചു. കാഞ്ഞങ്ങാട്ടെ പൊതുദർശനത്തിന് ശേഷം മൃതദേഹം എസ്.വൈ.എസ് നേതാക്കൾ ഏറ്റുവാങ്ങി. അവസാനമായി ബന്ധുക്കൾ ഒരുനോക്ക് കണ്ട ശേഷം നൂറുകണക്കിന് പേരുടെ സാന്നിധ്യത്തിൽ പഴയ ജുമാ മസ്ജിദിൽ ഖബറടക്കി.