LiveTV

Live

Kerala

ശോഭ സുരേന്ദ്രനെതിരായ കെ.സുരേന്ദ്രന്‍റെ നീക്കങ്ങൾക്ക് കോർ കമ്മിറ്റിയിൽ തിരിച്ചടി

കൃഷ്ണദാസ് പക്ഷവും കേന്ദ്ര നേതൃത്വവും ശോഭക്ക്​ അനുകൂലമായ നിലപാട് സ്വീകരിച്ചതോടെയാണ് കെ സുരേന്ദ്രന്‍റെ നീക്കങ്ങൾ പരാജയപ്പെട്ടത്

ശോഭ സുരേന്ദ്രനെതിരായ കെ.സുരേന്ദ്രന്‍റെ നീക്കങ്ങൾക്ക് കോർ കമ്മിറ്റിയിൽ തിരിച്ചടി

ശോഭ സുരേന്ദ്രനെതിരെ നടപടി സ്വീകരിപ്പിക്കാനുള്ള ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍റെ നീക്കങ്ങൾക്ക് കോർ കമ്മിറ്റിയിൽ തിരിച്ചടി. കൃഷ്ണദാസ് പക്ഷവും കേന്ദ്ര നേതൃത്വവും ശോഭക്ക്​ അനുകൂലമായ നിലപാട് സ്വീകരിച്ചതോടെയാണ് കെ സുരേന്ദ്രന്‍റെ നീക്കങ്ങൾ പരാജയപ്പെട്ടത്.

എറണാകുളത്ത് ചേർന്ന ബി.ജെ.പി കോർ കമ്മിറ്റിക്ക് മുമ്പ് സുരേന്ദ്രന്‍റെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്ന് ശോഭ സുരേന്ദ്രനെതിരെ യോഗത്തിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. ഇതിന്‍റെ ഭാഗമായി ശോഭ സുരേന്ദ്രനെതിരായ വിമർശം കോർ കമ്മിറ്റിയിൽ ഉന്നയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നടക്കം മാറി നിന്ന ശോഭ സുരേന്ദ്രൻ പാർട്ടിയെ പ്രതിസന്ധിയിലാക്കിയെന്നും ശക്തമായ അച്ചടക്കനടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നു.

എം.ടി. രമേശ് ഒഴികെ മൂന്നു ജനറല്‍ സെക്രട്ടറിമാർ ഇതിനെ പിന്താങ്ങുകയും ചെയ്തു. എന്നാൽ കൃഷ്ണദാസ് പക്ഷവും കേന്ദ്ര നേതൃത്വവും ശോഭക്ക്​ അനുകൂലമായി നിലപാട് സ്വീകരിച്ചതോടെ അച്ചടക്ക നടപടി സ്വീകരിപ്പിക്കാനുള്ള നീക്കം പരാജയപ്പെടുകയായിരുന്നു.

സംഘടന പ്രവർത്തനത്തിൽ വ്യക്തിവിരോധം സംസ്ഥാന പ്രസിഡന്‍റ് പദവി വഹിക്കുന്നയാൾക്ക് ചേർന്നതല്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു. ശോഭ സുരേന്ദ്രനെ പ്രവർത്തന രംഗത്ത് നിന്ന് മാറ്റിനിർത്തിയതും സംസ്ഥാന പര്യടനം നടത്തുന്ന നേതാക്കളുടെ പട്ടികയിൽ ശോഭയുടെ പേരുൾപ്പെടുത്തിയിരുന്നോ തുടങ്ങിയ ചോദ്യങ്ങൾ കൂടി ഉയർന്നതോടെ സുരേന്ദ്രൻ മൗനം പാലിച്ചു.

സുരേന്ദ്രനും മുരളീധരനും തങ്ങളുടെ തീരുമാനങ്ങൾ സംഘടനയിൽ അടിച്ചേൽപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന്​ കൃഷ്ണദാസ് പക്ഷവും ശോഭ സുരേന്ദ്രൻ അനുകൂലികളും ആവശ്യപ്പെട്ടു. മികച്ച അവസരമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ നഷ്ടമായത്. ജനാധിപത്യപരമായ ചർച്ചകൾക്ക് സംഘടനക്കുള്ളിൽ അവസരമുണ്ടാകണം. ഒരു കേന്ദ്രമന്ത്രിയും മൂന്ന് എം.പിമാരും കേരളത്തിലുണ്ടായിട്ടും നല്ല തെരഞ്ഞെടുപ്പ് ഫലമുണ്ടാക്കാൻ സാധിച്ചില്ല. ഇത് എന്തുകൊണ്ടാണെന്നതിനെക്കുറിച്ച് തുറന്ന ചർച്ച നടക്കണമെന്നും ആവശ്യമുയർന്നു.

ഇരുവിഭാഗവും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചതോടെ സംഘടന സംവിധാനത്തെ കെട്ടുറപ്പോടെ മുന്നോട്ടുകൊണ്ടുപോകുന്നതിൽ സുരേന്ദ്രൻ കൂടുതൽ ശ്രദ്ധിക്കണമെന്ന നിർദേശമാണ് കേന്ദ്ര നേതൃത്വം മുന്നോട്ടുവെച്ചത്. ശോഭ സുരേന്ദ്രനെ പാർട്ടിയിൽ സജീവമാക്കാനുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കുമെന്നും സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ബി.ജെ.പി പ്രഭാരി സി.പി രാധാകൃഷ്ണൻ യോഗത്തിൽ ഉറപ്പ് നൽകി. ഇതോടെ ശോഭ സുരേന്ദ്രനെതിരായ കോർ കമ്മറ്റി യോഗത്തിലെ സുരേന്ദ്രൻ പക്ഷത്തിന്‍റെ നീക്കം പൂർണമായും പരാജയപ്പെട്ടു. മാത്രമല്ല ശോഭ സുരേന്ദ്രനെ സജീവമായി മടക്കി കൊണ്ടുവരേണ്ടത് ആവശ്യമാണെന്ന തോന്നൽ കേന്ദ്ര നേതൃത്വത്തിന് ഉണ്ടാവുകയും ചെയ്തു.