LiveTV

Live

Kerala

നയതന്ത്ര ബാഗേജ് വഴി വന്ന ബാഗ് വിട്ടുകിട്ടാൻ എം. ശിവശങ്കർ ഇടപെട്ടെന്ന് കുറ്റപത്രത്തിലും ആവർത്തിച്ച് ഇ.ഡി

വേണുഗോപാലുമായി നടത്തി വാട്ട്സ് അപ്പ് ആശയ വിനിമയവും കെ ഫോൺ പദ്ധതിയുടെ വിവരങ്ങൾ സ്വപ്നയുമായി പങ്കുവെച്ചുള്ള സന്ദേശങ്ങളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നയതന്ത്ര ബാഗേജ് വഴി വന്ന ബാഗ് വിട്ടുകിട്ടാൻ എം. ശിവശങ്കർ ഇടപെട്ടെന്ന് കുറ്റപത്രത്തിലും ആവർത്തിച്ച് ഇ.ഡി

നയതന്ത്ര ബാഗേജ് വഴി വന്ന ബാഗ് വിട്ടുകിട്ടാൻ എം. ശിവശങ്കർ ഇടപെട്ടെന്ന് ആവർത്തിച്ച് ഇഡിയുടെ കുറ്റപത്രം. സ്വപ്നയുമായുള്ള വാട്സ് അപ്പ് സന്ദേശങ്ങളിൽ നിന്ന് ഇക്കാര്യം വ്യക്തമാണന്ന് കുറ്റപത്രത്തിൽ പറയുന്നു. ഇക്കാര്യം സ്ഥിരീകരിക്കാൻ കൊച്ചിയിലെ കസ്റ്റംസ് ക്ലിയറിംഗ് ഏജൻസിയായ കപ്പിത്താനിലെ വർഗ്ഗീസ് ജോർജ്ജിന്‍റ മൊഴിയെടുത്തുവെന്നും ഇ.ഡി കുറ്റപത്രത്തിൽ പറയുന്നു.

നയതന്ത്ര ബാഗേജ് വഴി വന്ന ബാഗ് 2019 ഏപ്രിൽ രണ്ടിന് തുറന്നു പരിശോധിക്കാൻ കസ്റ്റംസ് തീരുമാനിച്ചിരുന്നു. ഇക്കാര്യം കോൺസുലേറ്റിൽ അറിയിച്ചപ്പോൾ സ്വർണ കടത്ത് കേസിലെ ഒന്നാം പ്രതിയായ സരിത്താണ് ഫോൺ എടുത്തത്. പിന്നീടു വെല്ലിംഗ്ടൺ ഐലൻഡിലെ കസ്റ്റംസ് ഓഫീസിലേക്ക് ഫോൺ വിളിയെത്തി. തുടർന്ന് ഏജൻസിയിൽ നിന്ന് കൺസൈൻമെന്‍റിന്‍റെ രേഖകൾ കൈമാറി. അതിനാൽ അന്ന് ബാഗ് പരിശോധനയില്ലാതെ വിട്ടു നൽകിയെന്നാണ് ഇ.ഡിയുടെ കുറ്റപത്രത്തിൽ പറയുന്നത്.

സ്വപ്ന, ജെസ്റ്റോ എന്നയാളുടെ ഫോൺ നമ്പർ ശിവശങ്കറിന് വാട്ട്സ്അപ്പ് വഴി നൽകിയിരുന്നു. മറ്റൊരിക്കൽ സിയാലിലെ സതീഷ് എന്നയാളുടെ നമ്പർ സ്വപ്നയ്ക്ക് അയച്ചു കൊടുത്ത് അയാളെ വിളിക്കാൻ ശിവശങ്കർ നിർദ്ദേശിച്ചു. ഇവരെ അറിയുമോയെന്ന ചോദ്യങ്ങൾക്ക് തനിക്കറിയില്ലെന്നാണ് ശിവശങ്കർ മറുപടി നൽകിയതെന്നും കുറ്റപത്രത്തിലുണ്ട്. സ്വപ്നയ്ക്ക് ശിവശങ്കർ അയച്ച മറ്റൊരു സന്ദേശത്തിൽ നീ കൂടുതൽ ഇടപെടരുത്. എന്തെങ്കിലും കുഴപ്പം ഉണ്ടായാൽ അവർ കുറ്റം മുഴുവൻ നിന്‍റെ തലയിൽ വെച്ചു തരുമെന്ന് പറയുന്നുണ്ട്. ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഏതു സാഹചര്യത്തിലാണ് സന്ദേശമെന്ന് ഓർമ്മയില്ലെന്നായിരുന്നു മറുപടിയെന്നും കുറ്റപത്രത്തിലുണ്ട്. കൂടാതെ സ്വപ്നയ്ക്ക് ലോക്കർ എടുക്കുന്നതിനായി ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലുമായി നടത്തി വാട്ട്സ് അപ്പ് ആശയ വിനിമയവും കെ ഫോൺ പദ്ധതിയുടെ വിവരങ്ങൾ സ്വപ്നയുമായി പങ്കുവെച്ചുള്ള സന്ദേശങ്ങളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.