തെരഞ്ഞെടുപ്പ് തോൽവിയെ ചൊല്ലി തിരുവനന്തപുരത്ത് കോൺഗ്രസ് യോഗത്തില്‍ തർക്കം
മുല്ലപ്പള്ളി രാമചന്ദ്രന്റെയും ഉമ്മൻ ചാണ്ടിയുടെയും സാന്നിധ്യത്തിലായിരുന്നു നേതാക്കളുടെ പോര്

തദ്ദേശ തിരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യാനായി കെ.പി.സി.സി വിളിച്ച തിരുവനന്തപുരം ജില്ലയിലെ യോഗത്തിൽ നേതാക്കൾ തമ്മിൽ തർക്കം. വാക്പോര് രൂക്ഷമായതോടെ ഇന്നലത്തെ അവലോകന യോഗം പാതിവഴിയിൽ നിർത്തിവെച്ചു.
സ്ഥാനാർഥി നിർണയ മടക്കം പാളിയതാണ് കനത്ത തോൽവിയിലേക്ക് നയിച്ചതെന്നായിരുന്നു പൊതുവികാരം. ചില നേതാക്കൾ ബി.ജെ.പിയുമായി സഹകരണം സ്ഥാപിച്ചെന്ന് മണക്കാട് സുരേഷ് ആരോപിച്ചു. ഇതിന് തെളിവുണ്ടെന്ന് കൂടി സുരേഷ് തുറന്നടിച്ചു. ഇതോടെ വാക്പോര് രൂക്ഷമായി.
തോൽവിയുടെ മുഴുവൻ ഉത്തരവാദിത്വം തന്റെ മേൽ ചാർത്തേണ്ടെന്നായിരുന്നു വി.എസ് ശിവകുമാർ എം.എൽ.എയുടെ നിലപാട്. വാർഡു തലത്തിൽ നിന്ന് തന്നെ ഒന്നിലധികം പേരുകൾ സ്ഥാനാർഥി പട്ടികയിലേക്ക് വന്നു. ചർച്ചകൾ നടത്തിയാണ് തീരുമാനം എടുത്തത്. അതിൽ തോൽവിയുടെ ഉത്തരവാദിത്വം ഒരാൾക്ക് മാത്രമാകില്ലെന്നും ശിവകുമാർ വ്യക്തമാക്കി.
ചില നേതാക്കൾ അവലോകനത്തിന് പകരം പ്രസംഗം നടത്തുകയാണെന്ന വിമർശനവും ഉയർന്നു. വാക്പോര് രൂക്ഷമായതോടെ അവലോകന യോഗം ബഹളത്തിലേക്ക് നീങ്ങി. ഇതോടെ മറ്റൊരു ദിവസം വീണ്ടും യോഗം വിളിക്കാമെന്ന നിലപാടിലേക്ക് കെ.പി.സി.സി നേത്യത്വം എത്തി. മുല്ലപ്പള്ളി രാമചന്ദ്രന്റെയും ഉമ്മൻ ചാണ്ടിയുടെയും സാന്നിധ്യത്തിലായിരുന്നു നേതാക്കളുടെ പോര്.