LiveTV

Live

Kerala

കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജി വെച്ച് മടങ്ങിവരുന്നത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കും: യൂത്ത് ലീഗ് നേതാവ്

ഹൈദരലി തങ്ങളുടെ മകനാണ് മുഈൻ അലി തങ്ങൾ

കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജി വെച്ച് മടങ്ങിവരുന്നത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കും: യൂത്ത് ലീഗ് നേതാവ്

പി കെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ച് കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്നതില്‍ യൂത്ത് ലീഗില്‍ എതിര്‍പ്പ്. പി കെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെക്കുന്നതിനെതിരെ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈൻ അലി തങ്ങൾ പരസ്യമായി രംഗത്തെത്തി. പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നതാണ് തീരുമാനം. പ്രവർത്തകർക്ക് സ്വീകാര്യമാകുന്ന രീതിയിൽ തീരുമാനം പുനപരിശോധിക്കണമെന്നും മുഈൻ അലി തങ്ങൾ ആവശ്യപ്പെട്ടു. മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി തങ്ങളുടെ മകനാണ് മുഈൻ അലി തങ്ങൾ.

എന്നാല്‍ കുഞ്ഞാലിക്കുട്ടി നിയമസഭാംഗത്വം രാജിവെച്ച് ലോക്സഭയിലേക്ക് മത്സരിച്ചതും ഇപ്പോള്‍ ലോക്സഭാംഗത്വം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കുന്ന സാഹചര്യത്തെക്കുറിച്ചുമുള്ള ചോദ്യത്തിന് ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദിന്റെ മറുപടി ഇങ്ങനെ- കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്നതിനെ എതിര്‍ക്കുന്നത് ഭയം കൊണ്ടാണ്. നിലനില്‍പ്പിനെ ബാധിക്കും എന്ന് കരുതുന്നവരാണ് എതിര്‍ക്കുന്നതെന്ന് കെ.പി.എ മജീദ് മീഡിയവണിനോട് പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ തന്നെ കുഞ്ഞാലിക്കുട്ടിക്ക് തെരഞ്ഞെടുപ്പ് ചുമതലകള്‍ നല്‍കിയതാണ്. സംസ്ഥാന രാഷ്ട്രീയത്തിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ അദ്ദേഹം ഇവിടെ ചെലവഴിക്കേണ്ടത് അത്യാവശ്യമാണ്. ഡല്‍ഹിയിലേയും ഇവിടെയും പ്രവര്‍ത്തനങ്ങള്‍ ഒരുമിച്ച് കൊണ്ടുപോകാന്‍ പ്രയാസമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് യുഡിഎഫിന്റെ പ്രവര്‍ത്തനങ്ങളെ സജ്ജമാക്കേണ്ടതുണ്ടെന്നും അതിനാലാണ് കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടക്കികൊണ്ടുവരാന്‍ പാര്‍ട്ടി തീരുമാനിച്ചതെന്നും കെപിഎ മജീദ് പറഞ്ഞു.