ഇടത് തരംഗമുണ്ടായെങ്കിലും കൊല്ലത്ത് സി.പി.എമ്മില്‍ തര്‍ക്കം രൂക്ഷം
സംസ്ഥാന നേതൃത്വം യു. പവിത്രക്ക് പച്ചക്കൊടി വീശിയെങ്കിലും മുന്‍ മേയര്‍ പ്രസന്ന ഏണസ്റ്റിനെ തന്നെ വീണ്ടും മേയറാക്കണമെന്നാണ് ജില്ല സെക്രട്ടറിയേറ്റിലെ ഭൂരിഭാഗത്തിന്റെയും വാദം

മേയര്‍ സ്ഥാനത്തെ ചൊല്ലി കൊല്ലത്ത് സി.പി.എമ്മിൽ തര്‍ക്കം രൂക്ഷം. മൂന്ന് തവണ ജില്ലാ സെക്രട്ടറിയേറ്റ് ചേര്‍ന്നിട്ടും മേയറെ തിരഞ്ഞെടുക്കാനായില്ല. സംസ്ഥാന നേതൃത്വം യു. പവിത്രക്ക് പച്ചക്കൊടി വീശിയെങ്കിലും മുന്‍ മേയര്‍ പ്രസന്ന ഏണസ്റ്റിനെ തന്നെ വീണ്ടും മേയറാക്കണമെന്നാണ് ജില്ല സെക്രട്ടറിയേറ്റിലെ ഭൂരിഭാഗത്തിന്റെയും വാദം. കൊല്ലം ജില്ലയില്‍ ഇടത് തരംഗം ഉണ്ടായിട്ടും കോര്‍പ്പറേഷനില്‍ മേയറെ തീരുമാനിക്കാന്‍ സി.പി.എമ്മിനാകുന്നില്ല. 22 വയസുള്ള യു. പവിത്രയെ മേയറാക്കണമെന്നാണ് ജില്ല കമ്മിറ്റിയുടേയും കോര്പ്പറേഷന് നിലനില്‍ക്കുന്ന ഏരിയ കമ്മിറ്റികളുടേയും ആവശ്യം.
മുന്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് അഴിമതി ആരോപണം നേരിടുന്നതിനാല്‍ മാറ്റി നിര്‍ത്തണമെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു. എന്നാല്‍ ജില്ല സെക്രട്ടറിയേറ്റ് തിരിച്ചാണ്. ഭൂരിഭാഗവും പ്രസന്ന ഏണസ്റ്റിന് ഒപ്പമാണ് ഉള്ളത്. മുതിര്‍ന്ന നേതാവെന്ന നിലയില്‍ പ്രസന്ന ഏണസ്റ്റിനെ തന്നെ മേയറാകണമെന്നാണ് ഇവര്‍ വാദിക്കുന്നത്. യു. പവിത്ര മേയറാകുന്നതില്‍ തെറ്റില്ലെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ നിലപാട്.
പ്രായം കുറവെങ്കിലും പക്വതയുള്ള നേതാവാണ് പവിത്രയെന്നും നാളെ പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാകുമെന്നുമാണ് പവിത്രയെ വിലയിരുത്തുന്നത്. തര്‍ക്കം മൂര്‍ച്ചിച്ചതിനാല്‍ ഇന്നലെ ചേര്‍ന്ന ജില്ല സെക്രട്ടറിയേറ്റും തീരുമാനമാകാതെ പിരിഞ്ഞു. വരുന്ന 27 ന് സെക്രട്ടറിയേറ്റ് വീണ്ടും ചേരും. അന്ന് തീരുമാനം ഉണ്ടാകുമെന്നാണ് നേതാക്കള്‍ പറയുന്നത്. മേയറായിരിക്കെ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്നാണ് പ്രസന്ന ഏണസ്റ്റിനെതിരായ ആരോപണം. അഴിമതിക്കേസ് ഉള്ളതിനാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഹൈക്കോടതി ഉത്തരവ് പ്രസന്ന ഏണസ്റ്റ് നേടിയിരുന്നു.