LiveTV

Live

Kerala

കോഫേപോസ പ്രതികളെ സന്ദര്‍ശിക്കാന്‍ കസ്റ്റംസിന്‍റെ അനുമതി വേണ്ടെന്ന് ജയില്‍ വകുപ്പ്

1975 ല്‍ സംസ്ഥാനം തയ്യാറാക്കിയ കോഫേപോസ നിയമത്തില്‍ ഇത്തരമൊരു നിര്‍ദേശമില്ല. ജയില്‍ നിയമപ്രകാരം സന്ദര്‍ശകരെ അനുവദിക്കാമെന്നും ഡി.ജി.പിയുടെ സര്‍ക്കുലര്‍

കോഫേപോസ പ്രതികളെ സന്ദര്‍ശിക്കാന്‍ കസ്റ്റംസിന്‍റെ അനുമതി വേണ്ടെന്ന് ജയില്‍ വകുപ്പ്

ജയിലുകളില്‍ കസ്റ്റംസിന് നിയന്ത്രണം ഏര്‍പ്പെടുത്തി ജയില്‍ വകുപ്പ്. കൊഫേപോസ ചുമത്തിയവരെ ബന്ധുക്കളടക്കം സന്ദര്‍ശിക്കുമ്പോള്‍ കസ്റ്റംസിന്‍റെ സാന്നിധ്യമോ അനുമതിയോ ആവശ്യമില്ലെന്നാണ് ജയില്‍ വകുപ്പിന്‍റെ നിലപാട്. ജയില്‍ വകുപ്പിന്‍റെ നിലപാടില്‍ കസ്റ്റംസിന് അതൃപ്തിയുണ്ട്. കൊഫേപോസ ചുമത്തപ്പെട്ട് സംസ്ഥാനത്ത് ജയിലില്‍ കഴിയുന്നവരെ ബന്ധുക്കളടക്കം സന്ദര്‍ശിക്കുമ്പോള്‍ കസ്റ്റംസിന്‍റെ അനുമതിയും സാന്നിധ്യവും വേണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് അടക്കമുള്ളവരുടെ ബന്ധുക്കള്‍ക്ക് ഇങ്ങനെയായിരുന്നു സന്ദര്‍ശനം അനുവദിച്ചിരുന്നത്. എന്നാല്‍ ഈ വ്യവസ്ഥയുടെ ആവശ്യമില്ലെന്നാണ് ജയില്‍ വകുപ്പിന്‍റെ പുതിയ നിലപാട്.

1975ല്‍ സംസ്ഥാനം തയ്യാറാക്കിയ കൊഫേപോസ നിയമ വ്യവസ്ഥകളില്‍ ഇതില്ലെന്ന് ചൂണ്ടിക്കാട്ടിയാണിത്. ഈ സാഹചര്യത്തില്‍ ബന്ധുക്കള്‍ സന്ദര്‍ശിക്കാനെത്തുമ്പോള്‍ള്‍ കസ്റ്റംസിനെ അറിയിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി ജയില്‍ മേധാവി ഋഷിരാജ് സിംഗ് നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സ്വപ്നയെ ഇന്നലെ

ബന്ധുക്കള്‍ കാണാന്‍ എത്തിയപ്പോള്‍ ഒപ്പമെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥരെ മടക്കി അയച്ചിരുന്നു. ജയില്‍ വകുപ്പിന്‍റെ തീരുമാനത്തില്‍ കസ്റ്റംസ് അതൃപ്തിയിലാണ്. നിയമനടപടി സ്വീകരിച്ചേക്കും. നേരത്തെ ജയിലുകളിലെ ചോദ്യം ചെയ്യലുകള്‍ വീഡിയോയില്‍ പകര്‍ത്തണമെന്ന് ജയില്‍ മേധാവി സര്‍ക്കുലര്‍ ഇറക്കിയതും കേന്ദ്ര ഏജന്‍സികള്‍ക്ക് അതൃപ്തിയുണ്ടാക്കിയിരുന്നു.