LiveTV

Live

Kerala

ഇ.ഡി മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ക്യാംപസ് ഫ്രണ്ട് നേതാവ്; ഇ.ഡിക്ക് കോടതിയുടെ താക്കീത്

ഇ.ഡി മാനസികമായി പീഡിപ്പിച്ചുവെന്നും അനുജനെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ക്യാംപസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫ് കോടതിയെ ധരിപ്പിച്ചപ്പോഴാണ് കോടതി ഇ.ഡിക്ക് താക്കീത് നൽകിയത്

ഇ.ഡി മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ക്യാംപസ് ഫ്രണ്ട് നേതാവ്; ഇ.ഡിക്ക് കോടതിയുടെ താക്കീത്

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ കസ്റ്റഡിയില്‍ ഭീഷണിപ്പെടുത്തി മൊഴിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ക്യാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റൗഫ് ഷെരീഫ് കോടതിയിൽ. വെള്ള പേപ്പറുകളിൽ ഒപ്പിട്ട് വാങ്ങുന്നുവെന്നും സഹോദരനെയടക്കം പ്രതിചേര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നും റൗഫ് ഷെരീഫ് കോടതിയെ അറിയിച്ചു. പരാതിയെ തുടര്‍ന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് താക്കീത് നല്‍കി.

ഹാഥ്റസ് യാത്രക്കിടെ മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഉൾപ്പെടെ നാല് പേരെ യു.പി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് കാമ്പസ് ഫ്രണ്ട് നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്തിയത്. കള്ളപ്പണ ഇടപാടുണ്ടെന്ന് ചൂണ്ടിക്കാട്ടി രണ്ടാഴ്ച മുൻപ് ക്യാമ്പസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി റൗഫ് ഷെരീഫിനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. 7 ദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയായ റൗഫ് ഷെരീഫിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ എറണാകുളം പ്രിൻസിപ്പൽ ജില്ലാ ജഡ്ജിക്ക് നേരിട്ട് പരാതി നൽകിയത്.

വൈകിട്ട് ആറ് മണിക്ക് ശേഷം ചോദ്യംചെയ്യൽ പാടില്ലെന്നിരിക്കെ പല തവണ രാത്രിയും ഉദ്യോഗസ്ഥർ തന്നെ ചോദ്യം ചെയ്തു. പരിചയം പോലുമില്ലാത്ത ആളുകളുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന് മൊഴി നൽകാൻ നിർബന്ധിക്കുകയാണ്. ഉദ്യോഗസ്ഥർ പറയുന്നത് അനുസരിച്ചില്ലെങ്കിൽ അനുജനെ അടക്കം യുഎപിഎ കേസിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. വെള്ളക്കടലാസിൽ ഒപ്പിട്ട് വാങ്ങി. തൻറെ മുന്നിൽവെച്ച് സഹോദരനെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് റൗഫ് ഷെരീഫിന്‍റെ പരാതി. ഇതോടെ കോടതി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ താക്കീത് ചെയ്തു.

കോടതിയുടെ കസ്റ്റഡിയിലുള്ള പ്രതികളോട് ഇത്തരത്തിലുള്ള പെരുമാറ്റങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് ജഡ്ജി മുന്നറിയിപ്പ് നൽകി. ഇതുവരെ നടന്നതിനെ കുറിച്ച് താൻ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും ഭാവിയിൽ ഇത് ആവർത്തിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. കര്‍ശന നിബന്ധനകളോടെ മൂന്ന് ദിവസം കൂടി റൗഫ് ഷെരീഫിനെ എൻഫോഴ്സ്മെൻറ് കസ്റ്റഡിയിൽ കോടതി വിട്ടുനൽകി.

പോപ്പുലർ ഫ്രണ്ടിന്‍റെ അക്കൗണ്ടിൽ 100 കോടിയിലധികം രൂപ എത്തിയതായി ഇ.ഡി കോടതിയെ അറിയിച്ചു. റൗഫ് ഷെരീഫിന്റെ നിർദ്ദേശ പ്രകാരമാണ് കാമ്പസ് ഫ്രണ്ട് സംഘം ഹാഥ്റസിലേക്ക് പോയതെന്നും ഈ സംഘത്തിൽ സിദ്ദിഖ് കാപ്പനെ ഉൾപ്പെടുത്തിയത് റൗഫ് ഷെരീഫ് ആണെന്നും ഇ.ഡി കോടതിയെ അറിയിച്ചു. റൗഫിന്‍റെ അക്കൌണ്ടിലും കണക്കില്‍ കൂടുതല്‍ പണം എത്തിയെന്നും ഇ.ഡി വ്യക്തമാക്കി. എന്നാല്‍ തന്റെ ബിസിനസില്‍ നിന്നുള്ള പണമാണ് അക്കൌണ്ടിലെത്തിയത് എന്നാണ് റൗഫ് കോടതിയെ അറിയിച്ചത്.