LiveTV

Live

Kerala

ലീഗ് അക്രമത്തിന്‍റെ പാതയില്‍, കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

ഔഫ് അബ്ദുൽ റഹ്മാന്റെ കൊലപാതകത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ലീഗ് അക്രമത്തിന്‍റെ പാതയില്‍, കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

കാഞ്ഞങ്ങാട് കല്ലൂരാവിയിൽ ഔഫ് അബ്ദുൽ റഹ്മാന്റെ കൊലപാതകത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെ തുടർന്ന് മുസ്‍ലിം ലീഗ് പ്രവർത്തകർ അക്രമത്തിന്റെ പാതയിലാണ്. സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇന്നലെ രാത്രിയാണ് ഔഫ് അബ്ദുൽ റഹ്മാന്‍ കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു. യൂത്ത് ലീഗ് മുൻസിപ്പൽ സെക്രട്ടറി ഇർഷാദ്, മുണ്ടത്തോട് സ്വദ്ദേശികളായ ഇസ്ഹാഖ്, ഹസ്സൻ എന്നിവരെ പ്രതിചേർത്താണ് കേസെടുത്തത്. ഇസ്ഹാഖ് പൊലീസ് കസ്റ്റഡിയിലാണ്. മംഗളൂരുവിൽ ആശുപത്രിയിൽ ചികിത്സയിലുള്ള ഇർഷാദിന് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഹസ്സൻ പൊലീസ് വലയിലായതായി സൂചനയുണ്ട്.

പോസ്റ്റ് മോർട്ടത്തിന് ശേഷം പരിയാരത്ത് നിന്ന് വിലാപയാത്രയായി ജില്ലാ അതിർത്തിയിൽ എത്തിച്ച മൃതദേഹം കാലിക്കടവ്, ചെറുവത്തൂർ , നീലേശ്വരം, അലാമിപള്ളി, പുതിയ കോട്ടാ, കാഞ്ഞങ്ങാട് നഗരം എന്നീ കേന്ദ്രങ്ങളിൽ പൊതുദർശനത്തിന് വെച്ചു. നൂറു കണക്കിന് പേർ അന്ത്യാഞ്ജലി അർപ്പിച്ചു. ജന്മനാട്ടിലെ പൊതുദർശനത്തിന് ശേഷം ഖബറടക്കി.