LiveTV

Live

Kerala

പ്രകൃതിയെ നോവിക്കുന്നവരോട് പോരാടിയ സുഗതകുമാരി ടീച്ചര്‍

പരിസ്ഥിതിയെ തുരന്ന് തുടങ്ങുന്ന വികസനങ്ങളെ തുറന്നെതിർത്ത് അവിടുത്തെ ജീവിതങ്ങളെ ചേർത്തു പിടിച്ചായിരുന്നു ഓരോ സമരങ്ങളും

പ്രകൃതിയെ നോവിക്കുന്നവരോട് പോരാടിയ സുഗതകുമാരി ടീച്ചര്‍

പരിസ്ഥിതിയെ നോവിക്കുന്നിടങ്ങളിൽ സമരമുഖം തുറന്നിട്ട് മനുഷ്യരോടൊപ്പം ചേരുകയായിരുന്നു സുഗതകുമാരിയുടെ ജീവിത രീതി. പരിസ്ഥിതിയെ തുരന്ന് തുടങ്ങുന്ന വികസനങ്ങളെ തുറന്നെതിർത്ത് അവിടുത്തെ ജീവിതങ്ങളെ ചേർത്തു പിടിച്ചായിരുന്നു ഓരോ സമരങ്ങളും. ഒടുവിൽ ഓരോ പരിസ്ഥിതി ദ്രോഹങ്ങളെയും കണ്ട് വിഷണ്ണയായി, തനിക്ക് ഒരാൽമരചുവട്ടിൽ അവസാനം വിശ്രമിക്കണമെന്ന് ഒസ്യത്ത് എഴുതി വച്ചാണ് മടങ്ങിയത്.

പ്രശസ്ത കവയിത്രി സുഗതകുമാരി അന്തരിച്ചു
Also Read

പ്രശസ്ത കവയിത്രി സുഗതകുമാരി അന്തരിച്ചു

റോഡരുകിലെ തണൽമരങ്ങൾ മുറിക്കുന്നതറിഞ്ഞാൽ ഓടി വന്ന് അതിനു നേരെ നീങ്ങുന്ന മഴുവിൽ പിടിച്ച് അരുതെന്ന് വിലപിച്ചിരുന്ന ടീച്ചർ ഓരോ അതിജീവന സമര രംഗത്തും ഓടിയെത്തിയിരുന്നു. സൈലന്‍‌റ് വാലിയിലെ ആദിമ മനുഷ്യകുലത്തേയും വംശനാശ ഭീഷണി നേരിട്ട മൃഗങ്ങളുടെയും ആവാസത്തിനായി സുഗതകുമാരി ആരവമുയർത്തി. പ്രകൃതി ഇവിടെ ഒരുക്കിയ സമ്പത്തിൽ കയ്യിട്ടവരെ കയ്യോടെ പിടിക്കാനാണ് ടീച്ചർ ഇവിടേക്ക് ഓടിയെത്താറ്. അട്ടപ്പാടിയിലെ കൃഷ്ണവനത്തിൽ എൻ.വി. കൃഷ്ണവാരിയരുടെ പേരിൽ മരങ്ങൾ നട്ടുപിടിച്ചാണ് പ്രകൃതിക്ക് കൂടൊരുക്കി പ്രതിഷേധിച്ചത്. നിബിഡവനമായി ഈ ഭാഗം മാറാൻ ഈ മാതൃകാ സമരത്തിനായി. ഇവിടുത്തെ ആദിവാസിപ്പെണ്ണുങ്ങളുമായി മരണം വരെ ഈ സമരാധ്യാപിക ചങ്ങാത്തത്തിലായിരുന്നു. ശബരിമലയുടെ പേരിൽ ആറൻമുള പാടങ്ങളിൽ വിമാനങ്ങൾ പറന്നുയരാനായി താവളമൊരുക്കാൻ തീരുമാനിച്ചപ്പോൾ ടീച്ചർ തന്‍റെ ജൻമനാടിനായി ഓടിയെത്തി. കർഷകരെയും മുഴുവൻ രാഷ്ട്രീയ പാർട്ടികളെയും മത സംഘടനകളെയും ഒരു കുടക്കീഴിലാക്കി പ്രതിരോധമൊരുക്കി. ഒടുവിൽ ആറൻമുളയിൽ നിന്ന് പറക്കേണ്ടി വന്നത് വിമാനക്കമ്പനിക്കായിരുന്നു. ഇങ്ങനെ ഓരോ പരിസ്ഥിതി കയ്യേറ്റങ്ങളെയും കണ്ണു തുറന്ന് പിടിച്ചു ആവേശം പകർന്ന് ടീച്ചർ എതിർത്തു.

ആശ്രയമറ്റ മനുഷ്യജീവനുകളോടുള്ള അനുകമ്പ സുഗതകുമാരിയുടെ കൂടെപിറപ്പായിരുന്നു. അതിനായും അവർ പോരടിച്ചു. മനസിന്‍റെ താളം പോയവരെ കൈപിടിച്ച് കയറ്റാനൊരിടം അഭയ എന്ന പേരിൽ തുടങ്ങി എത്ര ജീവിതങ്ങളെയാണ് ടീച്ചർ കര പറ്റിച്ചത്. വിവാദമായതും ആകാത്തതുമായ പീഡനങ്ങൾക്കിരയായ സത്രീ ജീവിതങ്ങൾക്ക് സുരക്ഷയൊരുക്കി. 150 വർഷമായി അടഞ്ഞുകിടന്ന മാനസികരോഗാശുപത്രികളുടെ ദുരവസ്ഥകളെ കോടതിയിൽ ചോദ്യം ചെയ്തപ്പോൾ ഇത്തരം ആതുരാലങ്ങളുടെ കവാടങ്ങൾ തുറന്ന് നൽകി. പിന്നെ അത് മനുഷ്യരുടെ ആശുപത്രിയാക്കാനുള്ള പോരാട്ടം. സ്ത്രീ സുരക്ഷ എന്ന പ്രസംഗത്തിനപ്പുറം ഓരോന്നും പ്രവർത്തി കൊണ്ട് നടപ്പാക്കിയ അധ്യാപികയായിരുന്നു സുഗതകുമാരി. ഈ രംഗത്തും താൻ സമർപ്പിച്ച് സർക്കാർ അംഗീകരിച്ച പദ്ധതികൾ ചുവപ്പുനാടയിൽ ഇപ്പോഴും കുരുങ്ങിക്കിടക്കുന്നുണ്ട്.മാനസികാസ്വാസ്ഥ്യമുള്ളവരുടെ പുനരധിവാസത്തിനായി കേരളത്തിലങ്ങോളമിങ്ങോളം സർക്കാർ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന നിർദ്ദേശം അംഗീകരിച്ചിരുന്നു. അത് നടപ്പാകാത്ത സങ്കടം ബാക്കിയാക്കിയാണ് കടന്ന് പോയത്.

സേവനത്തിന്‍റെയും സമരത്തിന്‍റെയും ഒരുപാട് അടയാളങ്ങൾ ബാക്കി വച്ച് മടങ്ങിയ കവയത്രി തനിക്ക് ഒരാൽ മരച്ചോട്ടിൽ അന്ത്യവിശ്രമം മതിയെന്ന് ഒസ്യത്തിൽ എഴുതിവെച്ചിട്ടാണ് മടങ്ങിയത്. ചുവന്ന പഴങ്ങളുണ്ടാകുന്ന ആൽമരം. ഒരുപാട് പക്ഷികൾ അതിൽവരുമെന്ന് സുഗതകുമാരി പറഞ്ഞിരുന്നു. ആ മരച്ചുവട്ടിൽ ഒന്നും എഴുതിവെക്കരുത്. അവിടെ ചിതാഭസ്മവും കൊണ്ടുവയ്ക്കരുത്. ആ ആൽമരം താൻ വളർത്തിയ 'അഭയ' യുടെ പിറകുവശത്തെ പാറക്കൂട്ടത്തിനടുത്ത് വേണമെന്നുമുള്ള ആഗ്രഹം പങ്കുവച്ചിരുന്നു.