മുന്നണി വിട്ടവരെ തിരികെ കൊണ്ടു വന്ന് യു.ഡി.എഫ് തെറ്റുതിരുത്തണമെന്ന് കെ.മുരളീധരൻ
ജോസ് കെ. മാണി വിഭാഗം പാർട്ടിയിൽ നിന്ന് പോയത് കോൺഗ്രസിനെ പിന്തുണച്ച വിഭാഗത്തിന് മുറിവേറ്റ പ്രതീതിയുണ്ടാക്കി

മുന്നണി വിട്ടവരെ തിരികെ കൊണ്ടു വന്ന് യു.ഡി.എഫ് തെറ്റുതിരുത്തണമെന്ന് കെ.മുരളീധരൻ എം.പി. ജോസ് കെ. മാണി വിഭാഗം പാർട്ടിയിൽ നിന്ന് പോയത് കോൺഗ്രസിനെ പിന്തുണച്ച വിഭാഗത്തിന് മുറിവേറ്റ പ്രതീതിയുണ്ടാക്കി.
മധ്യതിരുവിതാംകൂറിലെ കോൺഗ്രസിന് വോട്ട് ചെയ്തിരുന്ന വിഭാഗങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തണം. പാർട്ടിയിൽ കൂട്ടായ ചർച്ച നടക്കുന്നില്ലെന്നും മാധ്യമം ദിനപത്രത്തിലെഴുതിയ ലേഖനത്തിൽ മുരളീധരൻ പറയുന്നു.
ഇന്ന് പ്രധാനമായും സംഭവിച്ചത്, ചിലർ മുന്നണി വിട്ടതാണ്. 1981ൽ യു.ഡി.എഫിലേക്ക് വന്ന കെ.എം. മാണിയുടെ പാർട്ടിയാണ് ഇറങ്ങിപ്പോയത്. എം.പി. വീരേന്ദ്രകുമാറിന്റെ പാർട്ടിക്ക് വലിയ ശക്തിയൊന്നും അവകാശപ്പെടാനില്ല. എന്നാൽ, യു.ഡി.എഫ് മുന്നോട്ടു വെക്കുന്ന ആശയങ്ങൾക്ക് ബലംനൽകുന്ന തലയെടുപ്പ് വീരേന്ദ്രകുമാറിന് ഉണ്ടായിരുന്നു. ജോസ് കെ. മാണി മുന്നണിയിൽനിന്ന് പുറത്തുപോയത്, കേരള കോൺഗ്രസിനെ പിന്തുണച്ചുപോന്ന ഒരു വിഭാഗത്തിന് മുറിവേറ്റ പ്രതീതി ഉണ്ടാക്കി. കെ.എം. മാണി മറഞ്ഞപ്പോൾ കേരള കോൺഗ്രസിനെയും അതിന്റെ വോട്ടുബാങ്കിനെയും ഉപേക്ഷിച്ചു എന്ന തോന്നൽ വന്നു. ആ വോട്ടർമാരെല്ലാം ജോസ് കെ. മാണിക്കൊപ്പം ഉള്ളവരല്ല. പുറത്താക്കി എന്ന തോന്നലാണ് പ്രശ്നം സൃഷ്ടിച്ചത്.
യു.ഡി.എഫ് തകർന്നുപോയി എന്നു തോന്നിച്ച ഒരു ഘട്ടമാണ്1990. ജില്ല കൗൺസിലിൽ തോറ്റു. 14ൽ 13ലും തോറ്റ ചരിത്രമില്ല. മുസ്ലിംലീഗ് മുന്നണി വിട്ടു. എല്ലാവരും യു.ഡി.എഫ് തീർന്നു എന്നു വിചാരിച്ചു. ആ അമിതവിശ്വാസത്തിലാണ് ഇ.കെ. നായനാർ മന്ത്രിസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിന് ഇറങ്ങിയത്. പാർലമെന്റ് തെരഞ്ഞെടുപ്പും വന്നു.
യു.ഡി.എഫിൽ കോൺഗ്രസും കേരള കോൺഗ്രസും എൻ.ഡി.പി, എസ്.ആർ.പി എന്നീ പാർട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. അന്ന് ലീഗിനെ തിരിച്ചുകൊണ്ടുവന്നു. തെരഞ്ഞെടുപ്പ് നേരിട്ടു. ഡൽഹിയിലേക്ക് 16 പേരെ അയക്കാൻ സാധിച്ചു. അസംബ്ലിയിൽ 90 സീറ്റ് കിട്ടി. തകർന്നു എന്ന് തോന്നിയ സ്ഥലത്തുനിന്നായിരുന്നു ആ മുന്നേറ്റമെന്നും ലേഖനത്തില് പറയുന്നു.