ചെട്ടിയാർ സമുദായത്തെ അധിക്ഷേപിച്ച് സി.പി.എം പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതായി ആരോപണം
സി.പി.എമ്മിനെതിരെ കേരള ചെട്ടിയാർ മഹാസഭ പ്രതിഷേധവുമായി തെരുവിലിറങ്ങി

പാലക്കാട് വാണിയംകുളത്ത് തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിൽ ചെട്ടിയാർ സമുദായത്തെ അധിക്ഷേപിച്ച് സി.പി.എം പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതായി ആരോപണം. സി.പി.എമ്മിനെതിരെ കേരള ചെട്ടിയാർ മഹാസഭ പ്രതിഷേധവുമായി തെരുവിലിറങ്ങി. എന്നാൽ തെറ്റിദ്ധാരണ മൂലമാണ് പ്രതിഷേധമെന്നാണ് സി.പി.എം വിശദീകരണം.
വാണിയംകുളം പഞ്ചായത്തിലെ 15-ാം വാർഡിലെ സി.പി.എം സ്ഥാനാർത്ഥിയുടെ വിജയാഘോഷ വേളയിലാണ് കൂനതറയിലെ ചെട്ടിയാർ സമുദായ അംഗങ്ങളെ ജാതി പറഞ്ഞ് സിപിഎം അധിക്ഷേപിച്ചതായി പരാതി ഉയർന്നത്."പൂവിൽ കുത്തിയ ചെട്ടികളെ നെഞ്ചിൽ കുത്തി ചത്തോളൂ " എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് കൂനത്തറ ആലിൻചുവട് പ്രദേശത്താണ് സി.പി. എം പ്രകടനം നടത്തി എന്നാണ് വിമർശനം. സമുദയത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരുണ്ടെന്നും ജാതീയ അധിക്ഷേപം അനുവദിക്കാനാവില്ലെന്നും സമുദായ നേതാക്കൾ പറഞ്ഞു.സിപിഎമ്മിന്റെ നടപടിക്കെതിരെ സമുദായാംഗങ്ങൾ പ്രകടനം നടത്തി.
എന്നാൽ പൂവിൽ കുത്തിയ ചെറ്റകളെ നെഞ്ചിൽ കുത്തി ചത്തോളൂ എന്ന മുദ്രാവാക്യമാണ് വിളിച്ചതെന്ന് സി.പി.എം വിശദീകരിക്കുന്നു. ബി.ജെ.പി ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പടർത്തുന്നതിനലാണ് സമരം നടന്നതെന്നും സി.പി.എം നേതാക്കൾ പറഞ്ഞു.
ചെട്ടിയാർ സമുദായത്തിന് നിർണ്ണായ സ്വാധീനം ഉളള ഒറ്റപ്പാലം മേഖലയിലാണ് സി.പി.എംനെതിരെ പ്രതിഷേധം ഉയർന്നിരിക്കുന്നത്. പ്രശ്നം പരിഹരിക്കാൻ സി.പിഎമ്മിന്റെ മുതിർന്ന നേതാക്കൾ സമുദായ സംഘടന നേതാക്കളുമായി സംസാരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.