LiveTV

Live

Kerala

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്; പൂക്കോയ തങ്ങളെ ഇനിയും പിടികൂടാനാകാതെ അന്വേഷണ സംഘം

ഒളിവില്‍ പോയി 50 ദിവസം പിന്നിടുമ്പോഴും ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പിലെ മുഖ്യസൂത്രധാരന്‍ ടി.കെ പൂക്കോയ തങ്ങളെ പിടികൂടാനാകാതെ അന്വേഷണ സംഘം

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്; പൂക്കോയ തങ്ങളെ ഇനിയും പിടികൂടാനാകാതെ അന്വേഷണ സംഘം

ഒളിവില്‍ പോയി 50 ദിവസം പിന്നിടുമ്പോഴും ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പിലെ മുഖ്യസൂത്രധാരന്‍ ടി.കെ പൂക്കോയ തങ്ങളെ പിടികൂടാനാകാതെ അന്വേഷണ സംഘം. ലുക്കൌട്ട് നോട്ടീസ് ഇറക്കിയതിന് പിന്നാലെ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. പ്രത്യേക സ്ക്വാഡിനെ തന്നെ നിയോഗിച്ചിട്ടും പൂക്കോയ തങ്ങളെ പിടികൂടാനാകാത്തത് വലിയ ചര്‍ച്ചക്ക് വഴിയൊരുക്കിയിരുന്നു.

കഴിഞ്ഞ മാസം ഏഴിനാണ് ഫാഷന്‍ ഗോള്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ടി.കെ പൂക്കോയ തങ്ങള്‍ ഒളിവില്‍ പോയത്. എം സി കമറുദ്ദീന്‍ എം.എല്‍.എയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പൂക്കോയ തങ്ങള്‍ മുങ്ങിയത്. പൂക്കോയ തങ്ങള്‍ക്ക് പിന്നാലെ ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദീനും മാനേജര്‍ ഹിഷാമും ഒളിവില്‍ പോയി. മുന്നുപേര്‍ക്കുമായി ലുക്കൌട്ട് നോട്ടീസ് പുറത്തിറക്കി അന്വേഷണം ആരംഭിച്ചു. എന്നിട്ടും ഇവരെ കണ്ടെത്താനായില്ല. പിന്നീട് പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. ഇതിനിടെ കഴിഞ്ഞ ദിവസം ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദീന്‍ അന്വേഷണ സംഘത്തിന് മിന്നില്‍ കീഴടങ്ങി. എന്നിട്ടും ടി.കെ പൂക്കോയ തങ്ങളെ പിടികൂടാന്‍ അന്വേഷണ സംഘത്തിനായില്ല.

പൂക്കോയ തങ്ങള്‍ക്ക് അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങാനുള്ള സൌകര്യമൊരുക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. മുഖ്യ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് നിക്ഷേപകരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. എം.സി കമറുദ്ദീന്‍ എം.എല്‍.എയെ മാത്രം അറസ്റ്റ് ചെയ്ത് ഫാഷന്‍ ഗോള്‍ഡ് വിഷയത്തില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കുക മാത്രമാണ് സി.പി.എമ്മിന്‍റെ ലക്ഷ്യമെന്ന ആക്ഷേപവും നിക്ഷേപകര്‍ ഉയര്‍ത്തി തുടങ്ങിയിട്ടുണ്ട്.