ഡമ്മി പരീക്ഷണത്തിലൂടെ കൊലപാതകമെന്ന് തെളിയിച്ച ആ കിണര്‍ ഇന്നവിടെയില്ല, മണ്ണിട്ട് മൂടി!
കോട്ടയം പയസ് ടെന്ത് കോണ്‍വെന്റിലെ കിണറാണ് പ്രമാദമായ അഭയയുടെ കൊലപാതകത്തിന്റെ അന്വേഷണം അവസാനിക്കും മുമ്പേ മണ്ണിട്ട് നികത്തിയത്

നീണ്ട 28 വര്‍ഷത്തിന് ശേഷമാണ് സിസ്റ്റര്‍ അഭയക്കേസില്‍ പ്രതികളെ കുറ്റക്കാരായി സി.ബി.ഐ പ്രത്യേക കോടതി വിധിച്ചത്. പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തവും വിധിച്ച കോടതി രണ്ട് പേരും അഞ്ച് ലക്ഷം രൂപ പിഴ അടക്കാനും ഉത്തരവിട്ടുണ്ട്. കോണ്‍വെന്റില്‍ അതിക്രമിച്ച് കയറിയ കുറ്റത്തിന് ഫാദര്‍ തോമസ് കോട്ടൂര്‍ ഒരു ലക്ഷം രൂപ അധികം പിഴ അടക്കാനും കോടതി ഉത്തരവില്‍ പറയുന്നു.

1992 മാർച്ച് 27നാണ് കോട്ടയം ബി.സി.എം കോളേജിലെ രണ്ടാം വര്‍ഷ പ്രീ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ സിസ്റ്റര്‍ അഭയയെ പയസ് ടെന്ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാലങ്ങള്‍ക്കിപ്പുറം അഭയക്ക് നീതി പുലരുമ്പോള്‍ അന്ന് അഭയ കൊല്ലപ്പെട്ട് കിടന്നതായി കാണപ്പെട്ട നിര്‍ണായകമായ കിണര്‍ ഇന്ന് മൂടിയനിലയിലാണ്. കോട്ടയം പയസ് ടെന്ത് കോണ്‍വെന്റിലെ കിണറാണ് പ്രമാദമായ അഭയയുടെ കൊലപാതകത്തിന്റെ അന്വേഷണം അവസാനിക്കും മുമ്പേ മണ്ണിട്ട് നികത്തിയത്. ആത്മഹത്യയെന്ന് ലോക്കല്‍പൊലീസും ക്രൈം ബ്രാഞ്ചും വിധിയെഴുതിയ കേസില്‍ സി.ബി.ഐ ഇടപെടലിലൂടെ ശാസ്ത്രീയ അന്വേഷണം നടത്തിയത് ഈ കിണര്‍ കേന്ദ്രീകരിച്ചാണ്. മൃതദേഹം കണ്ടെത്തിയ ഈ കിണറില്‍ ഡമ്മി പരീക്ഷണം നടത്തിയാണ് സി.ബി.ഐ കൊലപാതകമാണെന്ന് തെളിയിച്ചത്. സംഭവം നടന്ന് രണ്ടര പതിറ്റാണ്ട് കഴിഞ്ഞ് നിറയെ വെള്ളമുള്ള കിണര്‍ മൂടിയതിന് പിന്നില്‍ തെളിവ് നശിപ്പിക്കാനാണെന്ന ആക്ഷേപം ശക്തമായിരുന്നു.
അഭയയുടെ കൊലപാതകം നടന്ന് കിണര്‍ വിശദമായി പരിശോധിച്ച് ശാസ്ത്രീയതെളിവുകള്‍ ശേഖരിക്കാനോ അഭയയെ ആക്രമിക്കാന്‍ ഉപയോഗിച്ചിരിക്കാനിടയുള്ള ആയുധമായ കോടാലി കണ്ടെത്താനോ പൊലീസ് ഒരു ശ്രമവും നടത്തിയിരുന്നില്ല. ആയുധം കണ്ടെത്താന്‍ അന്നുതന്നെ കിണറ്റിലെ വെള്ളം വറ്റിക്കേണ്ടതായ പ്രാഥമികമായ അന്വേഷണം പോലും കേസില്‍ നടക്കാത്തത് പിന്നീട് കേസ് അന്വേഷിച്ച സി.ബി.ഐക്ക് വെല്ലുവിളിയായിരുന്നു.
അതെ സമയം കോണ്‍വെന്റിന്റെ അടുക്കള ഭാഗത്ത് സ്ഥിതി ചെയ്തിരുന്ന കിണര്‍ എന്ത് കാരണത്താലാണ് മൂടിയതെന്ന കാര്യം വ്യക്തമാക്കാന്‍ കോണ്‍വെന്റ് അധികൃതര്‍ തയ്യാറല്ല.