മുക്കം നഗരസഭയില്‍ അനിശ്ചിതത്വം തുടരുന്നു; മനസ് തുറക്കാതെ ലീഗ് വിമതന്
താന്‍ മുന്നോട്ട് വെക്കുന്ന വികസന അജണ്ട അംഗീകരിക്കുന്ന മുന്നണിയെ പിന്തുണക്കുമെന്ന് ലീഗ് വിമതന്

സത്യ പ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞെങ്കിലും മുക്കം നഗരസഭ ആരുഭരിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. ആരെ പിന്തുണക്കണമെന്ന കാര്യത്തില്‍ മുസ്ലിം ലീഗ് വിമതന് തീരുമാനമെടുക്കാത്തതാണ് ഭരണം ആര്‍ക്കെന്ന കാര്യത്തില്‍ ഇനിയും തീരുമാനമാകാത്തത്. താന്‍ മുന്നോട്ട് വെക്കുന്ന വികസന അജണ്ട അംഗീകരിക്കുന്ന മുന്നണിയെ പിന്തുണക്കുമെന്നതാണ് ലീഗ് വിമതനായി വിജയിച്ച മുഹമ്മദ് അബ്ദുള്‍ മജീദിന്റെ നിലപാട്.
മുക്കം നഗരസഭാ ഭരണം കപ്പിനു ചുണ്ടിനുമിടക്കാണ് എല്‍.ഡി.എഫിനും യു.ഡി.എഫിനും. യുഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യത്തിനും എല്‍ഡിഎഫിനും 15 സീറ്റുകള്‍ വീതമാണുള്ളത്. ലീഗ് വിമതന്റെ പിന്തുണ നിര്‍ണായകമാണ്.സത്യ പ്രതിജ്ഞാ ചടങ്ങിലും വിമതനാണ് താരം. എല്ലാവരുടേയും സ്നഹപരിലാളന വേണ്ടുവോളം ലഭിച്ചു ലീഗ് വിമതന് മുഹമ്മദ് അബ്ദുള്‍ മജീദിന്. വിമതന്റെ പിന്തുണ ഉറപ്പെന്ന് എല്‍ഡിഎഫ് പറയുമ്പോഴും ഒന്നും അങ്ങനെ വിട്ടു പറയുന്നില്ല മജീദ്. പിന്തുണ വേണമെങ്കില്‍ ഡിമാന്റുമുണ്ട്. ഇരു മുന്നണികളോടും ഒരേ സമീപനമാണെന്നും മജീദ് പറഞ്ഞു.
അവസാന നിമിഷം മജീദ് ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. 33 അംഗ നഗരസഭയില്‍ എന്‍.ഡി.എക്കും രണ്ട് അംഗങ്ങളുണ്ട്. നഗരസഭാ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ അംഗങ്ങള്‍ വിട്ടു നില്‍ക്കാനാണ് സാധ്യത.