LiveTV

Live

Kerala

'അഭയ കോളേജ് ഇലക്ഷൻ സമയത്തെ കണ്ടു പരിചയമുള്ള മുഖം, പ്രതി തോമസ് കോട്ടൂർ ശൃംഗാരപ്രിയന്‍'; അഡ്വ. രശ്മിത രാമചന്ദ്രന്‍റെ കുറിപ്പ്

'ആരോപിതരായവരിൽ മലയാളം അധ്യാപകനായ ഫാ.ജോസ് പുതൃക്കയും സൈക്കോളജി അധ്യാപകനായ ഫാ. തോമസ് കോട്ടൂരുമുണ്ടായിരുന്നു'

'അഭയ കോളേജ് ഇലക്ഷൻ സമയത്തെ കണ്ടു പരിചയമുള്ള മുഖം, പ്രതി തോമസ് കോട്ടൂർ ശൃംഗാരപ്രിയന്‍'; അഡ്വ. രശ്മിത രാമചന്ദ്രന്‍റെ  കുറിപ്പ്

സിസ്റ്റര്‍ അഭയക്കേസിലെ പ്രതികളായ ഫാദർ തോമസ് കോട്ടൂർ, സെഫി എന്നിവരെ കുറ്റക്കാരായി തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി വിധിച്ചതോടെ ഓര്‍മ്മക്കുറിപ്പുമായി അഡ്വ. രശ്മിത രാമചന്ദ്രന്‍. അഭയ പഠിച്ച കോട്ടയം ബിസിഎം കോളജിൽ പ്രിഡിഗ്രി ഒന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു താനെന്നും കോളേജ് തെരഞ്ഞെടുപ്പ് സമയത്ത് കണ്ടു പരിചയമുള്ള മുഖമായിരുന്നു അഭയയുടെതെന്നും പഠനാവധിയ്ക്ക് ഹോസ്റ്റലിൽ നിന്ന് വീട്ടിലെത്തിയ സമയത്താണ് കന്യാസ്ത്രീയുടെ ശരീരം പയസ് ടെൻത് കോൺവന്‍റിന്‍റെ കിണറ്റിൽ കണ്ടു എന്ന വാർത്ത ആദ്യം കേട്ടതെന്ന് രശ്മിത പറയുന്നു. ആരോപിതരായവരിൽ മലയാളം അധ്യാപകനായ ഫാ.ജോസ് പുതൃക്കയും സൈക്കോളജി അധ്യാപകനായ ഫാ. തോമസ് കോട്ടൂരുമുണ്ടായിരുന്നതായും തോമസ് കോട്ടൂർ ശൃംഗാരപ്രിയനാണെന്നും വിദ്യാർത്ഥിനികളോട് ലൈംഗികച്ചുവയോടെ ഒളിഞ്ഞും തെളിഞ്ഞും സംസാരിയ്ക്കുന്നുവെന്നും വ്യാപകമായ പരാതിയുണ്ടായിരുന്നതായും രശ്മിത ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

സിബിഐ കോടതി കൊലപാതകമെന്നുറപ്പിച്ചു പ്രതികൾക്കു മാതൃകാപരമായ ശിക്ഷ കൊടുത്താൽ കുറ്റപത്രത്തിൽ പേരെടുത്തു പറയാത്ത, ആരോപിതരുടെ കൂടെ പാറപോലെ ഉറച്ചു നിന്ന സഭ കൂടെ ജനമനസ്സുകളിൽ വിചാരണ ചെയ്യപ്പെടുമെന്നും. അടയ്ക്കാ രാജു എന്ന മോഷ്ടാവിന്‍റെ സത്യസന്ധത പോലും അവകാശപ്പെടാനില്ലാത്ത ഒന്നായിത്തന്നെ അതു നിൽക്കുമെന്നും രശ്മിത കുറിക്കുന്നു.

രശ്മിത രാമചന്ദ്രന്‍റെ ഫേസ്ബുക്ക് കുറിപ്പ്:

1992 March 27- സിസ്റ്റർ അഭയ കൊല്ലപ്പെട്ട ദിവസം. അവർ പഠിച്ച കോട്ടയം ബിസിഎം കോളജിൽ പ്രിഡിഗ്രി ഒന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു ഞാൻ. കോളജ് ഇലക്ഷൻ സമയത്ത് കണ്ടു പരിചയമുള്ള മുഖമായിരുന്നു അഭയയുടെത്. പOനാവധിയ്ക്ക് ഹോസ്റ്റലിൽ നിന്ന് വീട്ടിലെത്തിയ സമയത്താണ് കന്യാസ്ത്രീയുടെ ശരീരം പയസ് ടെൻത് കോൺവൻ്റിൻ്റെ കിണറ്റിൽ കണ്ടു എന്ന വാർത്ത ആദ്യം വന്നത്. കോളജിനു പുറത്താണീ ഹോസ്റ്റൽ. എനിയ്ക്കൊരുപാട് ഇഷ്ടമുള്ള ബോട്ടണി അധ്യാപിക സിസ്റ്റർ സിസിലും കൂട്ടുകാരികളായ പേളിൻ സൂസൻ മാത്യു, വിനിത വിൽസ് , അനു, ബിന്ദു മാത്യു തുടങ്ങി ഒരു പാട് കൂട്ടുകാരും ആ ഹോസ്റ്റലിലെ അന്തേവാസികളായിരുന്നു. ( സിസ്റ്റർ സിസിൽ പിന്നീട് സഭാ വസ്ത്രം ഉപേക്ഷിച്ച് പോയി ).ആദ്യം അപകടമരണമെന്ന് കേട്ട മരണം പിന്നീട് കൊലപാതകമാണെന്നറിഞ്ഞു. ആരോപിതരായവരിൽ മലയാളം അധ്യാപകനായ ഫാ.ജോസ് പുതൃക്കയും സൈക്കോളജി അധ്യാപകനായ ഫാ. തോമസ് കോട്ടൂരുമുണ്ടായിരുന്നു. രണ്ടു പേരും എന്നെ പഠിപ്പിച്ചിട്ടില്ല. പക്ഷേ, തോമസ് കോട്ടൂർ ശൃംഗാരപ്രിയനാണെന്നും വിദ്യാർത്ഥിനികളോട് ലൈംഗികച്ചുവയോടെ ഒളിഞ്ഞും തെളിഞ്ഞും സംസാരിയ്ക്കുന്നുവെന്നും വ്യാപകമായ പരാതിയുണ്ടായിരുന്നു.എന്നാൽ ജോസ് പുതൃക്ക മാന്യമായാണ് ഇടപെട്ടിരുന്നത് - യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലിനുള്ള തയ്യാറെടുപ്പിലും കോളജ് യൂണിയൻ പ്രവർത്തനങ്ങളിലും സ്റ്റാഫ് മെമ്പർ എന്ന നിലയിൽ സജീവമായിരുന്നു അദ്ദേഹം. സ്വന്തം കോളജിലെ സഹപാഠിയുടെ കൊലപാതകം എന്ന നിലയിൽ അഭയക്കേസിന്‍റെ നാൾവഴികൾ ശ്രദ്ധിച്ചിരുന്നു.( ജോമോൻ പുത്തൻപുരയ്ക്കൽ എന്ന പൊതുപ്രവർത്തകൻ രൂപപ്പെട്ടു വന്ന ആൾവഴി കൂടെയാണത്). ക്രൈംബ്രാഞ്ച് ആത്മഹത്യയെന്ന് എഴുതിത്തള്ളിയ കേസിൽ സിബിഐ കേസേററുവെങ്കിലും അന്വേഷണം മുന്നോട്ടു പോയില്ല. അന്വേഷണ ഉദ്യോഗസ്ഥൻ രാജിവയ്ക്കേണ്ടി വന്നു. പിന്നീട്, ഇ.ബാലാനന്ദൻ, ഒ.രാജഗോപാൽ, പി.സി.തോമസ് തുടങ്ങിയവരുടെ ഇടപെടൽ മൂലമാണ് സി ബി ഐ അന്വേഷണം ഊർജ്ജസ്വലമായി വരുന്നത്. എന്നാൽ പലവട്ടം സിബിഐ ഈ കേസിലെ പ്രതികളെ പിടിയ്ക്കാൻ തങ്ങൾക്കാവില്ലാത്തതു കൊണ്ട് കേസവസാനിപ്പിയ്ക്കണമെന്നാവശ്യപ്പെട്ട് കോടതിയെ ലജ്ജാ ഹീനമായി സമീപിയ്ക്കുകയും കോടതിയുടെ രൂക്ഷ വിമർശനത്തിന് പാത്രമാവുകയും ചെയ്തിരുന്നു (സിബിഐയുടെ അന്വേഷണ സംവിധാനം തെറ്റുപറ്റാത്തതെന്ന് ഊറ്റം കൊള്ളുന്നവർ അക്കാദമിക് ഉദ്ദേശത്തോടെ പഠിയ്ക്കേണ്ടതായ ചിലത് അതുകൊണ്ട് തന്നെ ഈ കേസിലുണ്ട്.).

അഭയയുടെ വൃദ്ധ പിതാവ് ദാരിദ്ര്യത്തോടും ദുരനുഭവങ്ങളോടും താൻ വിശ്വസിയ്ക്കുന്ന സഭയുടെ ശത്രുത ഏറ്റുവാങ്ങിയും പ്രലോഭനങ്ങളെ അതിജീവിച്ചും പുനരന്വേഷണത്തിനും തുടരന്വേഷണത്തിനും ഉത്തരവുകൾ സമ്പാദിച്ചു. ആരോപിതരായ കന്യാസ്ത്രീയും പുരോഹിതരും അറസ്റ്റിലായി. ഇന്ത്യയിൽ കാനൻ നിയമത്തിനു മേലിലാണ് ഇന്ത്യൻ നിയമങ്ങളെന്ന് ജനം ആശ്വസിച്ചു തുടങ്ങി. (കേസിൻ്റെ ശാസ്ത്രീയ വശങ്ങളിൽ മാധ്യമ ശ്രദ്ധ അധികം ഉടക്കി നിന്നത് ആരോപിതയുടെ കന്യാചർമ്മ ശസ്ത്രക്രിയയിലായിരുന്നു!).

ആരോപിതരിൽ ഫാ. ജോസ് പുതൃക്കയ്ക്കെതിരെയും തെളിവു നശിപ്പിച്ചതിന് ക്രൈംബ്രാഞ്ച് എസ് പി കെ.ടി. മൈക്കിളിനെതിരെയും തെളിവു ശേഖരിയ്ക്കാൻ സിബിഐക്കായില്ല. ജോമോൻ പുത്തൻപുരയ്ക്കലിനെ പലവട്ടം സുപ്രീം കോടതിയിലും ഹൈക്കോടതിയിലും വെച്ചു കണ്ടു - അയാൾ ഓരോ വട്ടവും കൂടുതൽ നിശ്ചയദാർഡ്യത്തോടെ മുന്നോട്ടു പോകുന്നതാണ് കണ്ടത്.

വിചാരണയിൽ വിശുദ്ധ കുപ്പായമിട്ട പലരും കൂറുമാറി. പക്ഷേ, ബിസിഎം കോളജിലെ മലയാളം അധ്യാപികയായ സഭാ കുപ്പായം ഒരിയ്ക്കൽ ഇട്ടുപേക്ഷിച്ച പ്രൊഫ. ത്രേസ്യായും മോഷ്ടാവായ അടയ്ക്കാരാജുവും പൊതു പ്രവർത്തകനായ കളർകോട് വേണുഗോപാലും പ്രോസിക്യൂഷന് അനുകൂലമായ മൊഴിയിൽ ഉറച്ചു നിന്നു. ഇന്ന്, സിബിഐ കോടതി ഈ കേസ്സിൽ കൊലപാതകമെന്നുറപ്പിച്ചു പ്രതികൾക്കു മാതൃകാപരമായ ശിക്ഷ കൊടുത്താൽ കുറ്റപത്രത്തിൽ പേരെടുത്തു പറയാത്ത , ആരോപിതരുടെ കൂടെ പാറപോലെ ഉറച്ചു നിന്ന സഭ കൂടെ ജനമനസ്സുകളിൽ വിചാരണ ചെയ്യപ്പെടും. അടയ്ക്കാ രാജു എന്ന മോഷ്ടാവിൻ്റെ സത്യസന്ധത പോലും അവകാശപ്പെടാനില്ലാത്ത ഒന്നായിത്തന്നെ അതു നിൽക്കും.

# തനിയ്ക്കു മുന്നിൽ വന്നിട്ടുണ്ടായേക്കാമായിരുന്ന പ്രലോഭനങ്ങളിലൊന്നും വീഴാതെ ഇരയ്ക്കൊപ്പം നിൽക്കാൻ തീരുമാനിച്ച ആ മോഷ്ടാവ് എന്തുകൊണ്ടോ പാവങ്ങളിലെ (ലെ മിറാബ ലെ ) ഴാങ് വാൽ ഴാങ്ങിനേക്കാൾ മുകളിൽ നിൽക്കുന്നു.

1992 March 27- സിസ്റ്റർ അഭയ കൊല്ലപ്പെട്ട ദിവസം.അവർ പഠിച്ച കോട്ടയം ബിസിഎം കോളജിൽ പ്രിഡിഗ്രി ഒന്നാം വർഷ...

Posted by Resmitha Ramachandran on Monday, December 21, 2020