യുവനടിയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസ്; പ്രതികൾ ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിക്കും
പ്രതികള്‍ മാപ്പ് പറഞ്ഞത് കൊണ്ടും നടി ക്ഷമിച്ചത് കൊണ്ടും കേസ് അവസാനിക്കില്ല

കൊച്ചി നഗരത്തിലെ ഷോപ്പിങ് മാളില്‍ യുവനടിയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിക്കും. മലപ്പുറം മങ്കട സ്വദേശികളായ പ്രതികളെ ഇന്നലെ 14 ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തിരുന്നു. സംഭവത്തില്‍ പ്രതികള്‍ മാപ്പ് പറഞ്ഞത് കൊണ്ടും നടി ക്ഷമിച്ചത് കൊണ്ടും കേസ് അവസാനിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
കളമശേരി കുസാറ്റ് സിഗ്നല്‍ ജങ്ഷനു സമീപത്ത് വെച്ച് ഞായറാഴ്ച രാത്രി എട്ടരയോടെ പിടികൂടിയ പ്രതികളെ ഇന്നലെ ഓണ്‍ലൈനിലൂടെയാണ് കോടതിയില്‍ ഹാജരാക്കിയത്. റംഷാദിനെ ഒന്നാം പ്രതിയാക്കിയും ആദിലിലെ രണ്ടാം പ്രതിയാക്കിയുമാണ് പൊലീസ് എഫ്.ഐ.ആര് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും മാപ്പുപറയാൻ തയ്യാറാണെന്നും പ്രതികൾ കോടതിയെയും അറിയിച്ചു. നടി മാപ്പു നൽകിയതുകൊണ്ടോ പ്രതികൾ ക്ഷമ ചോദിച്ചതുകൊണ്ടോ കേസ് അവസാനിക്കുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന് വ്യക്തമാക്കി. ഇരയായ യുവ നടി പ്രതികള്‍ക്ക് മാപ്പ് നല്കിയ സാഹചര്യത്തില്‍ നാളെത്തന്നെ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകന് ബെന്നി തോമസ് പറഞ്ഞു.
ഷോപ്പിങ് മാളില്‍ നേരിട്ട ദുരനുഭവം യുവനടി ഇന്‍സ്റ്റഗ്രാമിലൂടെയാണ് വെളിപ്പെടുത്തിയത്. ഇത് വിവാദമായതോടെ കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ വിജയ് സാഖറെ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്താന്‍ കളമശേരി പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. പ്രതികൾ മാളിലെത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വിട്ടതാണ് പ്രതികളെ വേഗത്തില്‍ പിടികൂടുന്നതിന് സഹായകരമായത്.