'മുഖ്യമന്ത്രി വർഗീയാഗ്നിക്ക് തിരികൊളുത്തരുത്'; മുഖ്യമന്ത്രിക്കെതിരെ സമസ്ത
'സി.പി.എമ്മിനെപ്പോലെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയായ മുസ്ലിം ലീഗ് യു.ഡി.എഫ് തലപ്പത്ത് വന്നാല്‍ അതിലെന്താണ് കുഴപ്പം അതെങ്ങനെയാണ് മഹാ അപരാധമായി മാറുന്നത്?'

മുഖ്യമന്ത്രിക്കെതിരെ സമസ്തയും രംഗത്ത്. യു.ഡി.എഫിന്റെ തലപ്പത്ത് മുസ്ലിം ലീഗ് വരുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെയാണ് സമസ്തയുടെ മുഖപത്രമായ സുപ്രഭാതം വിമര്‍ശിച്ചത്.
മുഖ്യമന്ത്രി വർഗീയാഗ്നിക്ക് തിരികൊളുത്തരുതെന്നും വർഗീയ ധ്രുവീകരണമുണ്ടാക്കുന്നതിൽ സംഘപരിവാർ പരാജയപ്പെട്ടിടത്ത് സി.പി.എം ചുമതല ഏറ്റെടുക്കുകയാണെന്നും സുപ്രഭാതം വിമർശിച്ചു.
കേരളം ഭരിക്കാന്‍ പോകുന്നത് ഹസനും കുഞ്ഞാലിക്കുട്ടിയും അമീറുമാണെന്ന കോടിയേരിയുടെ മാരകവാക്കുകള്‍ക്കൊപ്പം നില്‍ക്കുന്നതാണ് മുഖ്യമന്ത്രിയുടെ നാവില്‍ നിന്ന് വന്നത്. ഈ പരാമർശങ്ങളുടെ കുന്തമുന എങ്ങോട്ടാണെന്ന് തിരിച്ചറിയാനുള്ള വിവേകം കേരളീയ സമൂഹത്തിനുണ്ട്.
ലീഗിനെ മുന്‍നിര്‍ത്തി സമുദായത്തെ മൊത്തത്തില്‍ വിമര്‍ശിക്കുമ്പോള്‍ ലീഗുകാരല്ലാത്ത മുസ്ലിംകളുടെയുംകൂടി നെഞ്ചിലാണത് പതിക്കുന്നതെന്ന് സി.പി.എം ഓർക്കണമെന്നും സുപ്രഭാതം.
സി.പി.എമ്മിനെപ്പോലെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയായ മുസ്ലിം ലീഗ് യു.ഡി.എഫ് തലപ്പത്ത് വന്നാല്‍ അതിലെന്താണ് കുഴപ്പം അതെങ്ങനെയാണ് മഹാ അപരാധമായി മാറുന്നത്? സി.പി.എം രൂപപ്പെടുത്താന്‍ ശ്രമിക്കുന്ന മനോഘടനയുടെ ദുസൂചനയായി മാത്രമേ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ കാണാനാവൂ എന്നും സുപ്രഭാതം പറയുന്നു.
കേരളം വർഗീയാഗ്നിയില് കത്തിച്ചാമ്പലാകുന്നതില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ സി.പി.എം നേതാക്കളും മുഖ്യമന്ത്രിയും കൈയിലേന്തിയ വര്‍ഗീയ തീപ്പന്തം ദൂരെ എറിയുക തന്നെ വേണമെന്നും സുപ്രഭാതം പറയുന്നു.