വടകരയില്‍ കരുത്തര്‍ ആര്? ആര്‍എംപി - എല്‍ജെഡി വാക്പോര്
വടകരയില്‍ വേരോട്ടമുള്ള എല്‍ജെഡിയും വടകരയില്‍ രൂപം കൊണ്ട ആര്‍എംപിയും..
സോഷ്യലിസ്റ്റുകളുടെ ശക്തികേന്ദ്രമായിരുന്ന കോഴിക്കോട് വടകരയില്‍ ആരാണ് കരുത്തരെന്ന തര്‍ക്കത്തിലാണ് ആര്‍എംപിയും എല്‍ജെഡിയും. എല്‍ജെഡിയുടെ തട്ടകമായ ഏറാമല പഞ്ചായത്ത് ജനകീയ മുന്നണിയിലൂടെ തിരിച്ചു പിടിച്ചത് ഉയര്‍ത്തിക്കാട്ടിയാണ് ആര്‍എംപിയുടെ അവകാശവാദം. എന്നാല്‍ വടകര ബ്ലോക്ക് പഞ്ചായത്ത് തിരികെ പിടിച്ചത് ചൂണ്ടിക്കാട്ടി ശക്തി ചോര്‍ന്നിട്ടില്ലെന്ന വാദമുയര്‍ത്തുകയാണ് എല്‍ജെഡി.
വടകരയില്‍ വേരോട്ടമുള്ള എല്‍ജെഡിയും വടകരയില്‍ രൂപം കൊണ്ട ആര്‍എംപിയും. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ പക്ഷേ രണ്ടു പാര്‍ട്ടിയും കൊമ്പ് കോര്‍ക്കുകയാണ്. കാരണം മറ്റൊന്നുമല്ല വടകരയില്‍ ആരാണ് കരുത്തരെന്നതിലാണ് തര്‍ക്കം. എല്‍ജെഡിയുടെ ശക്തി കേന്ദ്രമായ ഏറാമലയില്‍ ഉജ്ജ്വല വിജയമാണ് ആര്‍എംപി - യുഡിഎഫ് സഖ്യം നേടിയത്. 19 സീറ്റില്‍ 12ഉം യുഡിഎഫ് നേടി. 9 സീറ്റുണ്ടായിരുന്ന എല്‍ജെഡി നാലു സീറ്റിലൊതുങ്ങി. ഇത് ചൂണ്ടിക്കാട്ടിയാണ് ആര്‍എംപി എല്‍ജെഡിക്കെതിരെ തിരിഞ്ഞിരിക്കുന്നത്.
വടകര ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫിന് മികച്ച വിജയം നേടാന്‍ സാധിച്ചതിന്റെ കാരണം തങ്ങളുടെ വരവാണെന്നാണ് എല്‍ജെഡിയുടെ വാദം. ആര്‍എംപിയുടെ ശക്തി ഒഞ്ചിയത്ത് അടക്കം ചോര്‍ന്നതിന് തെളിവാണ് തെരഞ്ഞെടുപ്പ് ഫലമെന്നും എല്‍ജെഡി നേതാക്കള്‍ പറയുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകര സീറ്റാണ് എല്‍ജെഡിയുടെ ലക്ഷ്യം. വടകരയില്‍ മത്സരിക്കുമെന്ന് ആര്‍എംപിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായാണ് ഇരു പാര്‍ട്ടികളുടെയും വാക് യുദ്ധം.