LiveTV

Live

Kerala

വാഗമണ്‍ റിസോര്‍ട്ടിലെ നിശാപാര്‍ട്ടി: ഒമ്പത് പേര്‍ അറസ്റ്റില്‍

റിസോർട്ട് ഉടമയും സിപിഐ ഏലപ്പാറ ലോക്കൽ സെക്രട്ടറിയുമായ ഷാജി കുറ്റിക്കാടിനെ പാർട്ടിയിൽ നിന്നും പുറത്താക്കും.

വാഗമണ്‍ റിസോര്‍ട്ടിലെ നിശാപാര്‍ട്ടി:   ഒമ്പത് പേര്‍ അറസ്റ്റില്‍

ഇടുക്കി വാഗമണിൽ സ്വകാര്യ റിസോർട്ടിൽ ലഹരി മരുന്നുകൾ പിടിച്ചെടുത്ത കേസില്‍ ഒമ്പത് പേർ അറസ്റ്റിൽ. റിസോർട്ടിൽ നിശാപാർട്ടി സംഘടിപ്പിച്ചവരാണ് അറസ്റ്റിലായത്. റിസോർട്ട് ഉടമയും സി.പി.ഐ പ്രാദേശിക നേതാവുമായ ഷാജി കുറ്റിക്കാടനെ പൊലീസ് ചോദ്യം ചെയ്തു. ഷാജിയെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ. കെ ശിവരാമൻ പറഞ്ഞു.

പാർട്ടി സംബന്ധിച്ച വിവരം പ്രതികൾ പങ്ക് വച്ചത് സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ്. ഇങ്ങനെയാണ് പാര്‍ട്ടിയിലേക്ക് ആളുകളെ എത്തിച്ചത്. പിടിയിലായ 60 പേരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണിവർ.

ഞായറാഴ്ച വട്ടത്താലിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ ലഹരിമരുന്നു നിശാപാര്‍ട്ടി നടക്കുമെന്ന് രണ്ടുദിവസം മുന്‍പ് ഇടുക്കി എസ്.പി. അടക്കമുള്ളവര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഈ റിസോര്‍ട്ട് കഴിഞ്ഞ രണ്ടുദിവസമായി പോലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് പോലീസും നര്‍ക്കോട്ടിക് സംഘവും സ്ഥലത്തെത്തി റെയ്ഡ് നടത്തുകയായിരുന്നു. ഇവരിൽ നിന്ന് എൽഎസ്ഡി സ്റ്റാമ്പ് അടക്കം നിരവധി ലഹരി വസ്തുക്കൾ പോലീസ് പിടിച്ചെടുത്തിരുന്നു.

ഇരുപത്തിയഞ്ചോളം സ്ത്രീകൾ ഉൾപ്പടെ അറുപത് പേരടങ്ങുന്ന സംഘമാണ് നിശാപാർട്ടിക്ക് എത്തിയത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകിട്ട് ആറ് മണിക്ക് തുടങ്ങിയ റെയ്ഡ് രാത്രി ഏറെ വൈകിയാണ് അവസാനിച്ചത്. പിടിയിലായവരുടെ പേര് വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

നിശാപാര്‍ട്ടിക്കായി റിസോർട്ട് ബുക്ക് ചെയ്തത് കൊച്ചി സ്വദേശി ഏണസ്റ്റെന്നാണ് റിസോർട്ട് ഉടമ പറയുന്നത്. എന്നാൽ പാർട്ടിയിൽ പങ്കെടുക്കുന്നവർ ലഹരി ഉപയോഗിക്കുന്ന വിവരം അറിയില്ലായിരുന്നു എന്നും റിസോർട് ഉടമ പറഞ്ഞു. ബര്‍ത്ത്ഡേ പാർട്ടി ആഘോഷങ്ങൾക്കാണ് റിസോർട്ട് എടുത്തത്. 3 റൂം മാത്രമാണ് എടുത്തത്. എണ്ണത്തിൽ കൂടുതൽ ആളുകൾ വന്നപ്പോൾ ചോദ്യം ചെയ്തിരുന്നു. 8 മണിക്ക് മുൻപ് തിരികെ പോകുമെന്ന ഉറപ്പ് നൽകിയിരുന്നു എന്ന് റിസോര്‍ട്ട് ഉടമയും സിപിഐ നേതാവുമായ ഷാജി കുറ്റികാടൻ പറഞ്ഞു.

റിസോർട്ട് കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് പാർട്ടികൾക്ക് സിപിഎം-സിപിഐ നേതാക്കളുടെ ഒത്താശയെന്ന് കോൺഗ്രസ് ആരോപിച്ചു. നക്ഷത്ര ആമ കടത്ത് ഉൾപ്പടെ കേസിലെ പ്രതിയാണ് ഷാജി കുറ്റികാടൻ. ഈ കേസ് അന്വേഷണം അട്ടിമറിക്കാൻ സാധ്യത ഉണ്ട്. കേസ് ലഘുകരിക്കാൻ ശ്രമം നടക്കുന്നു. നിഷ്പക്ഷ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രതിഷേധവുമായി റിസോർട്ടിൽ എത്തിയ കോൺഗ്രസ്‌ ഡിസിസി പ്രസിഡന്റ്‌ ഇബ്രാഹിം കുട്ടി കല്ലാറിനെയും സംഘത്തെയും പോലീസ് തടഞ്ഞു

റിസോർട്ട് ഉടമയും സിപിഐ ഏലപ്പാറ ലോക്കൽ സെക്രട്ടറിയുമായ ഷാജി കുറ്റിക്കാടിനെ പാർട്ടിയിൽ നിന്നും പുറത്താക്കും. സിപിഐ ജില്ല നേതൃത്വത്തിന്റെതാണ്‌ നടപടി ഷാജിയുടെ പ്രവൃത്തി കമ്യൂണിസ്റ്റ് വിരുദ്ധമാണെന്നും ഇന്ന് തന്നെ തീരുമാനം ഉണ്ടാകുമെന്നും ജില്ല സെക്രട്ടറി കെ. കെ ശിവരാമൻ അറിയിച്ചു.