LiveTV

Live

Kerala

തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ.

തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ.

ആദ്യം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത് അതത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുതിർന്ന അംഗങ്ങൾ. കോഴിക്കോട് കോർപ്പറേഷനിൽ രണ്ട് പേർ ഒരേ പ്രായമായതിനാൽ നറുക്കെടുപ്പിലൂടെ മുതിർന്ന അംഗത്തെ കണ്ടെത്തി. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട എം. പി ഹമീദിന് ജില്ലാ കലക്ടർ സത്യവാചകം ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്തിൽ മുക്കം മുഹമ്മദാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.

ഇരുമുന്നണികളും തുല്യതയിലെത്തിയ വയനാട് ജില്ലാ പഞ്ചായത്തിൽ, മുതിർന്ന അംഗം എൻ.സി.പ്രസാദ് ആദ്യം സത്യപ്രതിജ്ഞ ചെയ്തു. കലക്ടർ ഡോ.അദീല അബ്ദുള്ള സത്യവാചകം ചൊല്ലിക്കൊടുത്തു. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കലക്ടർ പിപിഇ കിറ്റ് ധരിച്ചാണ് ചടങ്ങിന് എത്തിയത്.

ആലപ്പുഴയിൽ തദ്ദേശ സ്ഥാപനങ്ങളിലേക്ക് വിജയിച്ച് വന്നവരുടെ സത്യപ്രതിജ്ഞ പൂർത്തിയായി. ആലപ്പുഴ ജില്ലാ പഞ്ചായത്തിലും 6 മുൻസിപ്പാലിറ്റികളിലും 12 ബ്ലോക്ക് പഞ്ചായത്തുകളിലും 72 പഞ്ചായത്തുകളിലുമാണ് ചടങ്ങ് നടന്നത്. തൃശ്ശൂരിൽ മുതിർന്ന അംഗം എം.എല്‍ റോസിയിക്ക് കളക്ടർ ആദ്യം സത്യവാചകം ചൊല്ലി കൊടുത്തു. മുൻ കൗൺസിലറും എൽഡിഎഫ് സ്ഥാനാർത്ഥിയുമായിരിക്കെ മരിച്ച എം.കെ മുകുന്ദനെ അനുസ്മരിച്ച് ഒരു മിനിറ്റ് മൗന പ്രാർത്ഥന നടത്തി.

തിരുവനന്തപുരം കോർപ്പറേഷനിൽ മുതിർന്ന അംഗം ബി.അശോക് കുമാറിന് കലക്ടർ സത്യവാചകം ചൊല്ലിക്കൊടുത്തു. കുടപ്പനക്കുന്ന് വാർഡ് കൗൺസിലർ ജയചന്ദ്രൻ നായർക്ക് കോവിഡായതിനാൽ ഏറ്റവും ഒടുവിലായാണ് സത്യപ്രതിജ്ഞ നടത്തിയത്. മലപ്പുറം ജില്ലാ പഞ്ചായത്ത് മുതിർന്ന അംഗം മൂർക്കത്ത് ഹംസ മാസ്റ്റർ ആദ്യ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. മറ്റു അംഗങ്ങൾക്ക് ഹംസ മാസ്റ്റർ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

എറണാകുളം ജില്ലാ പഞ്ചായത്തിൽ തെരഞ്ഞെടുക്കപ്പെട്ട മുതിർന്ന അംഗം കെ.ജി.ഡോണോ മാസ്റ്ററിന് കലക്ടർ എസ്.സുഹാസ് സത്യവാചകം ചൊല്ലി കൊടുത്തു. കോവിഡ് പ്രോട്ടോക്കോൾ നിലവിലുള്ളതിനാൽ സത്യപ്രതിജ്ഞ നടക്കുന്ന ഹാളിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. പലയിടത്തും പുറത്ത് കാണാനുള്ള സൗകര്യമൊരുക്കിയിരുന്നു.