സി എം രവീന്ദ്രനെ ഇ.ഡി വീണ്ടും ചോദ്യംചെയ്യും
രണ്ട് ദിവസം ചോദ്യംചെയ്തെങ്കിലും ഇനിയും പല കാര്യങ്ങളിലും ഇ.ഡിക്ക് വിശദീകരണം ലഭിക്കേണ്ടതുണ്ട്.

മുഖ്യമന്ത്രിയുടെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യുന്നത് തുടരും. രണ്ട് ദിവസം ചോദ്യംചെയ്തെങ്കിലും ഇനിയും പല കാര്യങ്ങളിലും ഇ.ഡിക്ക് വിശദീകരണം ലഭിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളിലെല്ലാം വിശദമായ ചോദ്യംചെയ്യല്‍ ഉണ്ടായേക്കും.
സർക്കാർ പദ്ധതികളിലെ കമ്മീഷന് ഇടപാട് മുതല്‍ സ്വർണക്കടത്ത് വരെയുള്ള കാര്യങ്ങളില്‍ ഇ.ഡിക്ക് സംശയങ്ങള്‍ ഉണ്ട്. ഇക്കാര്യങ്ങളാണ് പ്രധാനമായും ചോദിക്കുന്നത്. സ്വത്ത് വിവരങ്ങളുടെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം രവീന്ദ്രന് നല്കിയ വിവരങ്ങളുടെ സൂക്ഷ്മ പരിശോധനയും നടക്കുന്നുണ്ട്. രവീന്ദ്രന്റെ സ്വത്ത് വിവരങ്ങളെ കുറിച്ച് നേരത്തെ തന്നെ ഇ.ഡി അന്വേഷണം നടത്തിയിരുന്നു. അതുകൊണ്ടുതന്നെ പൊരുത്തക്കേടുകള്‍ ഉണ്ടെങ്കില്‍ അത് രവീന്ദ്രന് തിരിച്ചടിയാകും. ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്കിയ കരാറുകളില്‍ നിന്ന് കമ്മീഷന് ലഭിച്ചിട്ടുണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്.
രവീന്ദ്രന് നല്കിയ മറുപടി ഇ.ഡി ശേഖരിച്ച വിവരങ്ങളുമായി ചേർന്ന് പോകുന്നതല്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ഇ.ഡി പോയേക്കാം. അല്ലാത്ത പക്ഷം ചോദ്യംചെയ്ത് രവീന്ദ്രനെ വിട്ടയച്ചേക്കും. നേരത്തെ മൂന്ന് തവണ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി രവീന്ദ്രന് ഒഴിഞ്ഞ് മാറുകയായിരുന്നു.