മാളില്‍ നടിയെ അപമാനിക്കാന്‍ ശ്രമിച്ച പ്രതികളെ തിരിച്ചറിഞ്ഞു
മനപ്പൂര്‍വം അപമാനിക്കാന്‍ ശ്രമിച്ചിട്ടിലെന്ന് പ്രതികള്‍ പറഞ്ഞു. സെല്‍ഫി എടുക്കാന്‍ ശ്രമിച്ചിരുന്നു. അതിനെ നടി എതിര്‍ത്തിരുന്നു. ഇത് മോശമായി അനുഭവപ്പെട്ടതാകാം. മാപ്പ് പറയാന്‍ തയ്യാറാണെന്ന് പ്രതികള്‍
മാളില്‍ നടിയെ ആക്രമിക്കാന്‍ ശ്രമിച്ച പ്രതികളെ തിരിച്ചറിഞ്ഞു. മലപ്പുറം മങ്കട സ്വദേശികളാണ് പ്രതികള്‍. നടിയെ മനപ്പൂര്‍വം അപമാനിക്കാന്‍ ശ്രമിച്ചിട്ടിലെന്ന് പ്രതികള്‍ പറഞ്ഞു. സെല്‍ഫി എടുക്കാന്‍ ശ്രമിച്ചിരുന്നു. അതിനെ നടി എതിര്‍ത്തിരുന്നു. ഇത് നടിക്ക് മോശമായി അനുഭവപ്പെട്ടതാകാം. സംഭവത്തില്‍ നടിയോട് മാപ്പ് പറയാന്‍ തയ്യാറാണെന്ന് പ്രതികള്‍ പറഞ്ഞു.
കൊച്ചിയിലെ ഷോപ്പിങ് മാളിൽ വച്ച് തനിക്ക് നേരെയുണ്ടായ അതിക്രമം സോഷ്യല്‍ മീഡിയയിലൂടെയാണ് നടി തുറന്നുപറഞ്ഞത്. രണ്ട് ചെറുപ്പക്കാർ തന്റെ ശരീരത്തിൽ സ്പർശിക്കുകയും പിന്തുടർന്ന് ശല്യം ചെയ്യുകയും ചെയ്തെന്ന് നടി പറയുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു യുവനടിയുടെ തുറന്നു പറച്ചിൽ.
കുടുംബത്തിനൊപ്പം കഴിഞ്ഞ ദിവസം ഷോപ്പിങ് മാളിൽ എത്തിയപ്പോഴാണ് തനിക്ക് ഈ മോശം അനുഭവമുണ്ടായതെന്ന് അവര്‍ പറയുന്നു. ഹൈപ്പർമാർക്കറ്റിൽ നിൽക്കുകയായിരുന്നു തന്റെ സമീപത്തിലൂടെ പോയ രണ്ട് ചെറുപ്പക്കാരിൽ ഒരാൾ ശരീരത്തിന്റെ പിൻഭാഗത്തായി മനഃപൂര്‍വം സ്പർശിച്ചു കൊണ്ടാണ് കടന്നുപോയത്.
ആദ്യം അയാള്‍ക്ക് അറിയാതെ പറ്റിയതാണോ എന്ന് സംശയിച്ചു. സഹോദരിയും ഇത് കണ്ടിരുന്നു. അവള് എനിക്കരികില്‍ വന്ന് കുഴപ്പം ഒന്നും ഇല്ലല്ലോ എന്ന് ചോദിച്ചു. അപ്രതീക്ഷിതമായുണ്ടായ സംഭവത്തിൽ താൻ ഞെട്ടിപ്പോയെന്നും പ്രതികരിക്കാൻ പോലുമായില്ലെന്നും അവര്‍ പറയുന്നു. താൻ അവരുടെ അടുത്തേക്ക് പോയെങ്കിലും തന്നെ അവർ ശ്രദ്ധിക്കാത്തതുപോലെ നിന്നു. തനിക്ക് അവരെ മനസ്സിലായെന്ന് അവര്‍ അറിയണമെന്ന് കരുതിയാണ് അങ്ങനെ ചെയ്തതെന്നും നടി പറയുന്നു.
തുടർന്ന് അമ്മയുടേയും സഹോദരന്റെയും അടുത്തേക്ക് പോയ നടിയെ അവർ പിന്തുടർന്നെത്തി. ഇത്രയും ചെയ്തിട്ടും തന്നോട് സംസാരിക്കാന്‍ അവര്‍ ധൈര്യം കാണിച്ചു. തന്റെ നേരെ നടന്നുവന്നു അടുത്തേക്ക് നീങ്ങി നിന്നു തന്റെ പുതിയ ചിത്രത്തിന്റെ പേര് ചോദിച്ചു. താൻ അറിയേണ്ട കാര്യമില്ല എന്ന് മറുപടി നല്കി. അമ്മ വരുന്നതുകണ്ടതോടെ അവർ പോയി.