ഒരു സീറ്റിന്റെ വ്യത്യാസത്തിൽ കൊടുങ്ങല്ലൂർ നഗരസഭാ ഭരണം എൽഡിഎഫിന്
44 സീറ്റുകളില്‍ 22 സീറ്റുകൾ ഇടതുമുന്നണി നേടിയപ്പോൾ 21 സീറ്റുകൾ നേടിയ എൻഡിഎയാണ് പ്രതിപക്ഷ സ്ഥാനത്തുള്ളത്.

ഒരു സീറ്റിന്റെ വ്യത്യാസത്തിൽ കൊടുങ്ങല്ലൂർ നഗരസഭയുടെ ഭരണം നിലനിർത്തി എൽഡിഎഫ്. 44 സീറ്റുകളില്‍ 22 സീറ്റുകൾ ഇടതുമുന്നണി നേടിയപ്പോൾ 21 സീറ്റുകൾ നേടിയ എൻഡിഎയാണ് പ്രതിപക്ഷ സ്ഥാനത്തുള്ളത്. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ നിറം മങ്ങിയ പ്രകടനമായിരുന്നു യുഡിഎഫിന്റേത്. ഒരു സീറ്റാണ് നേടിയത്.
പൈതൃക നഗരമായ കൊടുങ്ങല്ലൂരിന്റെ ഭരണ നേതൃത്വത്തിലെത്താൻ എൽഡിഎഫും ബിജെപിയും തമ്മിലായിരുന്നു പോരാട്ടം. ഒടുവിൽ കേവലം ഒരു സീറ്റിന്റെ വ്യത്യാസത്തിൽ ഇടതുപക്ഷം വലിയ ഒറ്റകക്ഷിയായി മാറി. ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും രണ്ട് സീറ്റുകൾ എൽഡിഎഫിന് നഷ്ടപ്പെട്ടു.
നഗരസഭയുടെ ഭരണം പിടിക്കാൻ കച്ചക്കെട്ടിയിറങ്ങിയ എൻഡിഎക്ക് കപ്പിനും ചുണ്ടിനുമിടയിലാണ് ഭരണം നഷ്ടപ്പെട്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 16 സീറ്റുകളുണ്ടായിരുന്ന എൻഡിഎ ഇത്തവണ 21 ഡിവിഷനുകളിൽ ജയിച്ചു കയറി. രണ്ടാം തവണയും പ്രധാന പ്രതിപക്ഷമാകാൻ ബിജെപി നേതൃത്വം നൽക്കുന്ന എൻഡിഎക്ക് സാധിച്ചു.
യുഡിഎഫ് പാർലമെന്ററി പാർട്ടി ചെയർമാനായ വി.എം ജോണി എൽഡിഎഫിന്റെ സിറ്റിങ് സീറ്റായ കോട്ടപ്പുറം പിടിച്ചെടുത്തു. ഇത് ഒഴിച്ച് നിർത്തിയാൽ 2015ൽ മൂന്ന് സീറ്റുകൾ നേടിയ യുഡിഎഫ് കടുത്ത തകർച്ചയെ അഭിമുഖീകരിച്ച് ചരിത്രത്തിൽ ആദ്യമായി ഒരു സീറ്റിലേക്ക് ഒതുങ്ങി. പട്ടികജാതി വനിതയ്ക്ക് സംവരണം ചെയ്തിട്ടുള്ളതാണ് ഇത്തവണത്തെ ചെയർമാൻ സ്ഥാനം.