LiveTV

Live

Kerala

തൃശൂർ കോർപ്പറേഷനിൽ വിമത സ്ഥാനാർത്ഥിയെ കൂടെ കൂട്ടാൻ ചർച്ചകൾ സജീവമാക്കി യു.ഡി.എഫ്

മേയർ സ്ഥാനത്തിനൊപ്പം കോൺഗ്രസിൽ ഉന്നത പദവി കൂടി നൽകാമെന്നാണ് ഡിസിയുടെ വാഗ്ദാനം

തൃശൂർ കോർപ്പറേഷനിൽ വിമത സ്ഥാനാർത്ഥിയെ കൂടെ കൂട്ടാൻ ചർച്ചകൾ സജീവമാക്കി യു.ഡി.എഫ്

തൃശൂർ കോർപ്പറേഷനിൽ എൽ.ഡി.എഫിന് പിന്തുണ നൽകുമെന്ന് അറിയിച്ച വിമത സ്ഥാനാർത്ഥിയെ കൂടെ കൂട്ടാൻ ചർച്ചകൾ സജീവമാക്കി യു.ഡി.എഫ്. മേയർ സ്ഥാനത്തിനൊപ്പം കോൺഗ്രസിൽ ഉന്നത പദവി കൂടി നൽകാമെന്നാണ് ഡിസിയുടെ വാഗ്ദാനം . അതേ സമയം ഏത് മുന്നണിക്ക് പിന്തുണ നൽകണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് എം.കെ വർഗീസ് പറഞ്ഞു.

കോർപ്പറേഷൻ ഭരണത്തിൽ എൽ.ഡി.എഫിന് പിന്തുണ നൽകാനാണ് കൂടുതൽ സാധ്യതയെന്നാണ് നെട്ടിശ്ശേരിയിൽ നിന്നും വിജയിച്ച് കോൺഗ്രസ്സ് വിമത സ്ഥാനാർത്ഥി എം കെ വർഗീസ് അറിയിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് വർഗീസിനെ ഒപ്പം നിർത്താനുള്ള ചർച്ചകൾ യു.ഡി.എഫ് സജീവമാക്കിയത്. സംസ്ഥാന നേതാക്കളുടെ നിർദ്ദേശ പ്രകാരം ടി.എൻ പ്രതാപൻ എം.പിയും ,ഡിസിസി പ്രസിഡന്‍റ് എം.പി വിൻസെന്‍റും വർഗീസുമായി ചർച്ച നടത്തി. മേയർ സ്ഥാനത്തിനൊപ്പം കെ.പി.സി.സി ജനറൽ സെക്രട്ടറി സ്ഥാനവും നൽകാമെന്ന് വാഗ്ദാനം ചെയ്തതയാണ് സൂചന.

അഞ്ച് വർഷം മേയർ സ്ഥാനം നൽകിയാൽ എൽ.ഡി.എഫിന് പിന്തുണ നൽകുമെന്ന് എം.കെ വർഗീസ് അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. എന്നാൽ ആദ്യ ഘട്ടത്തിൽ മേയർ സ്ഥാനം വർഗീസിന് നൽകിയേക്കില്ലെന്നാണ് സൂചന. ഇതിന് പുറമെ പുല്ലഴി ഡിവിഷനിലെ തെരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥി വിജയച്ചാൽ തന്നെ തഴയുമോ എന്ന ആശങ്കയും വർഗീസിനുണ്ട്. അന്തി തീരുമാനം ഉടൻ ഉണ്ടാകുമെന്ന് വർഗീസ് അറിയിച്ചു. എന്തായാലും ഇതോടെ തൃശൂർ കോർപ്പറേഷന്‍റെ ഭരണം ആർക്കാണെന്ന കാര്യത്തിൽ വീണ്ടും അനിശ്ചിതത്വം തുടരുകയാണ്.