മുഖ്യമന്ത്രിയുടെ പോസ്റ്റ് നിലവാരം കുറഞ്ഞത്: കുഞ്ഞാലിക്കുട്ടി
ഇനി ബി.ജെ.പിയും ഞങ്ങളും മാത്രമേ ഇവിടെയുള്ളൂ എന്ന് ധരിച്ച് സി.പി.എം ഇറങ്ങിയാൽ കാര്യങ്ങൾ തെറ്റുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യു.ഡി.എഫിന്റെ നേതൃത്വം ലീഗ് ഏറ്റെടുക്കുന്നോ എന്ന മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ് വളരെ നിലവാരം കുറഞ്ഞതായിപ്പോയെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി.
കെ.പി.സി.സി പ്രസിഡന്റിന്റെ കാര്യത്തിൽ ലീഗ് ഇടപെടുന്നുവെന്ന മുഖ്യമന്ത്രിയുടെ പോസ്റ്റ് കണ്ടു. നിലവാരം കുറഞ്ഞ പോസ്റ്റായിപ്പോയി അതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. തങ്ങൾ മറ്റൊരു പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാറില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പല സാഹചര്യങ്ങളിൽ പല കാർഡുകൾ മാറ്റിക്കളിക്കുകയാണ് മുഖ്യമന്ത്രി. ചില നേരത്ത് ഭൂരിപക്ഷ കാർഡ്, ചില നേരത്ത് ന്യൂനപക്ഷ കാർഡ്. ഇനി ബി.ജെ.പിയും ഞങ്ങളും മാത്രമേ ഇവിടെയുള്ളൂ എന്ന് ധരിച്ച് സി.പി.എം ഇറങ്ങിയാൽ കാര്യങ്ങൾ തെറ്റുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യു.ഡി.എഫ് അപ്രസക്തമായെന്ന് പറഞ്ഞാൽ കണക്ക് തെറ്റുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. സി.പി.എമ്മും എസ്.ഡി.പി.ഐയും പലയിടത്തും പരസ്യ ധാരണയുണ്ടാക്കി. പഞ്ചായത്തിലെ സ്ഥാനങ്ങൾ അവർ പങ്കിടുകയാണ്. എസ്.ഡി.പി.ഐക്ക് സീറ്റ് കൂടിയത് എൽ.ഡി.എഫുമായുള്ള സഖ്യത്തിലൂടെയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.