LiveTV

Live

Kerala

ജെ.ഡി.എസ് സംസ്ഥാനഘടകം പിരിച്ചുവിട്ടത് നിലനില്‍ക്കില്ലെന്ന് സി.കെ നാണു വിഭാഗത്തിന്‍റെ പ്രമേയം

ദേവഗൌഡയും കൂട്ടരും നിരന്തരമായി ബിജെപിയുമായി ചര്‍ച്ച നടത്തുന്ന സാഹചര്യത്തിലാണ് ദേശീയ നേതൃത്വവുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതെന്ന് സി. കെ നാണു വിഭാഗം നേതാക്കള്‍ വ്യക്തമാക്കി

ജെ.ഡി.എസ് സംസ്ഥാനഘടകം പിരിച്ചുവിട്ടത് നിലനില്‍ക്കില്ലെന്ന് സി.കെ നാണു വിഭാഗത്തിന്‍റെ  പ്രമേയം

ജനതാദൾ എസ് സംസ്ഥാന കമ്മിറ്റിയെയും കൗൺസിലിനെയും പുറത്താക്കിയ ദേശീയ നേതൃത്വത്തിന്‍റെ ഉത്തരവ് തളളി സി.കെ നാണു വിഭാഗം. തീരുമാനം തള്ളിക്കളഞ്ഞു കൊണ്ടുള്ള പ്രമേയവും പാസാക്കി. തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് ചോദിച്ച് വാങ്ങുന്നതിൽ ഇപ്പോഴത്തെ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടുവെന്നും യോഗം വിലയിരുത്തി

ദേശീയ നേതൃത്വവുമായി ബന്ധം തുടരണമെങ്കിൽ ദേശീയ അധ്യക്ഷൻ എച്ച്.ഡി ദേവഗൗഡയെ മാറ്റണമെന്നാണ് നാണു പക്ഷത്തിന്‍റെ ആവശ്യം. സംസ്ഥാന കമ്മിറ്റിയെയും കൗൺസിലിനെയും പിരിച്ചുവിട്ട ദേശീയ നേത്വത്തിന്‍റെ തീരുമാനം ഭരണഘടന വിരുദ്ധമാണെന്ന് യോഗം വിലയിരുത്തി. ഇത് സംബന്ധിച്ച പ്രമേയമാണ് പാസാക്കിയത്.

ദേവഗൌഡയും കൂട്ടരും നിരന്തരമായി ബിജെപിയുമായി ചര്‍ച്ച നടത്തുന്ന സാഹചര്യത്തിലാണ് ദേശീയ നേതൃത്വവുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതെന്ന് സി. കെ നാണു വിഭാഗം നേതാക്കള്‍ വ്യക്തമാക്കി. കർഷക സമരത്തോട് ദേവഗൗഡ പുറംതിരിഞ്ഞ് നില്‍ക്കുന്നതായും നേതാക്കള്‍ കുറ്റപ്പെടുത്തി. സംസ്ഥാന കൌണ്‍സിലിലെ ഭൂരിഭാഗം അംഗങ്ങളും തങ്ങള്‍ക്ക് ഒപ്പമാണെന്നാണ് നാണു പക്ഷത്തിന്‍റെ അവകാശ വാദം.