LiveTV

Live

Kerala

ഇടത് തരംഗത്തിനിടയിലും സി.പി.ഐ കൊല്ലത്ത് നേരിട്ടത് കനത്ത തിരിച്ചടി

ഗ്രാമ പഞ്ചായത്തുകളിൽ കഴിഞ്ഞ തവണത്തേതിനെക്കാൾ 50 വാർഡുകളാണ് സി.പി.ഐക്ക് നഷ്ടമായത്

ഇടത് തരംഗത്തിനിടയിലും സി.പി.ഐ കൊല്ലത്ത് നേരിട്ടത് കനത്ത തിരിച്ചടി

ഇടത് തരംഗത്തിനിടയിലും ശക്തി കേന്ദ്രമായ കൊല്ലത്ത് സി.പി.ഐ നേരിട്ടത് കനത്ത തിരിച്ചടി. ഗ്രാമ പഞ്ചായത്തുകളിൽ കഴിഞ്ഞതവണത്തേതിനെക്കാൾ 50 വാർഡുകളാണ് സി.പി.ഐക്ക് നഷ്ടമായത്. കോർപ്പറേഷനിൽ സി.പി.ഐ.യുടെ നാല് സിറ്റിങ്ങ് സീറ്റ് ബി.ജെ.പി പിടിച്ചെടുത്തു. വിഭാഗീയതയാണ് കൊല്ലത്തെ സി.പി.ഐ.യെ അടിപതറിക്കുന്നത്.

സി.പി.ഐ.യുടെ സംസ്ഥാനത്തെ ഏറ്റവും വലിയ ശക്തി കേന്ദ്രമാണ് കൊല്ലം ജില്ല. പക്ഷേ ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.ഐ.ക്ക് ശുഭകരമായ ഫലമല്ല ലഭിച്ചിരിക്കുന്നത്. ഇടത് തരംഗം ആഞ്ഞ് വീശിയപ്പോഴും സി.പി.ഐ.ക്ക് അടി പതറി. 234 ഗ്രാമ പഞ്ചായത്ത് അംഗങ്ങളുണ്ടായിരുന്ന സി.പി.ഐ 184 ൽ ഒതുങ്ങി. കോർപ്പറേഷനിലെ ഉറച്ച കോട്ടകളിൽ നാലെണ്ണം ബി.ജെ.പി. പിടിച്ചെടുത്തു. മുനിസിപ്പാലിറ്റികളിലും ബ്ലോക്ക് പഞ്ചായത്തുകളിലും അംഗ സംഖ്യ കുറഞ്ഞു. വിജയിച്ചവരിൽ പലരും ചെറിയ മാർജിനിലാണ് കടന്ന് കൂടിയിരിക്കുന്നത്.

കോർപ്പറേഷനിലും ജില്ലാ പഞ്ചായത്തിൽ വേണമെങ്കിൽ സി.പി.എമ്മിന് ഒറ്റയ്ക്ക് ഭരിക്കാനാകും. കൊല്ലം കോർപ്പറേഷനിൽ അവസാന ഒരു വർഷം മേയർ സ്ഥാനം സി.പി.ഐ.ക്ക് ലഭിക്കാറുണ്ട്. ഇത്തവണ അത് ലഭിക്കാൻ സാധ്യത വിരളമാണ്. സമ്മർദ്ദം ചെലുത്താൻ പോലും സി.പി.ഐ.ക്ക് ശേഷിയില്ല. വിഭാഗീയതയാണ് കൊല്ലത്തെ സി.പി.ഐ.യുടെ സംഘടനാ സംവിധാനത്തെ താളം തെറ്റിക്കുന്നത്.