ബി.ജെ.പിയെ വളർത്താനാണ് യു.ഡി.എഫ് അപ്രസക്തമായെന്ന് മുഖ്യമന്ത്രി പ്രചരിപ്പിക്കുന്നത്: ചെന്നിത്തല
എസ്.ഡി.പി.ഐയുമായി പരസ്യമായ കൂട്ടുകെട്ടാണ് സി.പി.എം ഉണ്ടാക്കിയത്. സമുദായങ്ങളും ജാതികളും തമ്മിൽ ഏറ്റുമുട്ടലുണ്ടാക്കി നേട്ടം കൊയ്യാനാണ് ഇടത് ശ്രമം

യു.ഡി.എഫിനെ അപ്രസക്തമായെന്ന് പ്രചരിപ്പിച്ച് ബി.ജെ.പിയെ വളർത്താനുള്ള തന്ത്രമാണ് സി.പി.എം സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബി.ജെ.പിയെ മുഖ്യപ്രതിപക്ഷമാക്കാനുള്ള സി.പി.എം ശ്രമത്തെ കേരളത്തിലെ ജനം തിരിച്ചറിയുമെന്നും ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ മതേതര മനസിനെ വിഷലിപ്തമാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. എസ്.ഡി.പി.ഐയുമായി പരസ്യമായ കൂട്ടുകെട്ടാണ് സി.പി.എം ഉണ്ടാക്കിയത്. സമുദായങ്ങളും ജാതികളും തമ്മിൽ ഏറ്റുമുട്ടലുണ്ടാക്കി നേട്ടം കൊയ്യാനാണ് ഇടത് ശ്രമം.
തെരഞ്ഞെടുപ്പിൽ 2015നേക്കാൾ നേട്ടം യു.ഡി.എഫിന് ഉണ്ടായി. ഈ തെരഞ്ഞെടുപ്പിലെ നേരിയ വിജയം കൊണ്ട് സര്‍ക്കാരിന്റെ എല്ലാ അഴിമതികളും വെള്ളപൂശാനാവില്ല. മാധ്യമങ്ങള്‍ കാര്യങ്ങള്‍ കണ്ണുതുറന്നുകാണണം. തങ്ങള്‍ വിജയത്തില്‍ അഹങ്കരിച്ചിട്ടില്ല. അഹങ്കരിക്കുന്ന മുഖ്യമന്ത്രിയെയും മുന്നണിയെയുമാണ് കാണുന്നതെന്നും അദ്ദേഹം യുഡിഎഫ് യോഗത്തിന് ശേഷം പറഞ്ഞു.
ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ അനുസരിച്ച് വിജയം പ്രതീക്ഷിച്ചിരുന്നു. അത് ലഭിച്ചില്ല എന്നതില്‍ വിഷമമുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ ക്യാമ്പയിനുകള്‍ക്ക് പരിമിതിയുണ്ടായിരുന്നു. പ്രതിപക്ഷ കക്ഷി എന്ന നിലയില്‍ യുഡിഎഫിന് പല രംഗങ്ങളിലും പരിമിതികളുണ്ടായിരുന്നു. കേരളത്തിന്റെ പൊതു രാഷ്ട്രീയം പ്രതിഫലിപ്പിക്കാന്‍ ഈ തെരഞ്ഞെടുപ്പിന് സാധിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ചുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസില്‍ പരസ്യ പ്രസ്താവന വിലക്കി. സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറാണ് പരസ്യ പ്രസ്താവന വിലക്കാന്‍ നിര്‍ദേശിച്ചത്.