കോൺഗ്രസിൽ തർക്കം തുടരുന്നു; നേതൃത്വത്തിനെതിരെ പോസ്റ്ററുകൾ, ചെന്നിത്തലയെയും മുല്ലപ്പള്ളിയെയും മാറ്റണമെന്ന് ടി.എച്ച് മുസ്തഫ
അതിനിടെ കെ.സുധാകരനെ കെ.പി.സി.സി അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സിക്ക് മുന്നിൽ യൂത്ത് കോൺഗ്രസിന്റെയും കെ.എസ്.യുവിന്റെയും പേരിൽ ഫ്ലക്സ് ഉയർന്നു
തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ കോൺഗ്രസിലുണ്ടായ പൊട്ടിത്തെറി തുടരുന്നു. പരാജയത്തിന്റെ ഉത്തരവാദിത്തം ആത്മാർഥമായാണ് ഏറ്റെടുത്തതെങ്കിൽ മുല്ലപ്പള്ളി രാമചന്ദ്രൻ കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. പ്രതിപക്ഷ നേതാവ് ചെന്നിത്തലയെയും മുല്ലപ്പള്ളിയെയും മാറ്റണമെന്ന് മുൻ മന്ത്രി ടി.എച്ച് മുസ്തഫ ആവശ്യപ്പെട്ടു.
അതിനിടെ കെ.സുധാകരനെ കെ.പി.സി.സി അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സിക്ക് മുന്നിൽ യൂത്ത് കോൺഗ്രസിന്റെയും കെ.എസ്.യുവിന്റെയും പേരിൽ ഫ്ലക്സ് ഉയർന്നു. പരാജയത്തിന്റെ അടിവേര് തിരഞ്ഞ് കെ.പി.സി.സി യോഗങ്ങൾ ചേരുമ്പോഴാണ് നേതൃത്വത്തിന് തലവേദന സമ്മാനിച്ച് ഒരു വിഭാഗം രംഗത്ത് തുടരുന്നത്. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത മുല്ലപ്പള്ളിക്ക് പറഞ്ഞ വാക്കിൽ ആത്മാർഥതയുള്ളയാളാണെങ്കിൽ സ്ഥാനം ഒഴിയണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ തുറന്നടിച്ചു.
നേതൃമാറ്റം അനിവാര്യമെന്നും അതിന് കെ.സുധാകരനാണ് യോഗ്യനെന്നും കാണിച്ച് കെ.എസ്.യു യൂത്ത് കോൺഗ്രസ് പേരിൽ പാർട്ടി ആസ്ഥാനത്ത് വലിയ ബോർഡ് ഉയർത്തി. കൊല്ലത്ത് ജില്ലാ അധ്യക്ഷക്കെതിരെ പോസ്റ്റർ പതിച്ച് ഒരു കൂട്ടർ നിലപാട് പരസ്യപ്പെടുത്തി. കെ.എസ്.യുക്കാരുടെ പ്രവർത്തിയെ സംസ്ഥാന അധ്യക്ഷൻ തളളിപ്പറഞ്ഞു. എന്നാൽ രാഷ്ട്രീയ മര്യാദയില്ലാത്തവരാണ് കൊല്ലത്തെ പോസ്റ്ററുകൾക് പിന്നിലെന്നായിരുന്നു ബിന്ദുകൃഷ്ണയുടെ പ്രതികരണം.
ഇടുക്കിയിൽ കെ.പി.സി.സി തീരുമാനങ്ങളെ അട്ടിമറിച്ച് ഡിസിസി അധ്യക്ഷൻ നടത്തിയ നീക്കങ്ങളാണ് പരാജയത്തിന് കാരണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്. ഡി.സി.സി അധ്യക്ഷൻ ഇബ്രാഹിം കുട്ടി കല്ലാറിനെ തെറിപ്പിക്കാനാണ് ഈ വിഭാഗത്തിന്റെ നീക്കം. തർക്കം പരസ്യമായി തുടരുന്ന പശ്ചാത്തലത്തിലാണ് കെ. പി.സി.സി തോൽവിയുടെ ആഘാത പഠനം തുടരുന്നത്.