LiveTV

Live

Kerala

ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ്: സൈനുൽ ആബിദിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഇന്നലെ വൈകീട്ട് കീഴടങ്ങാൻ എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്

ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ്: സൈനുൽ ആബിദിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

അറസ്റ്റിലായ ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ ജനറൽ മാനേജർ സൈനുൽ ആബിദിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഇന്നലെ വൈകീട്ട് കീഴടങ്ങാൻ എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. മാനേജിംഗ് ഡയറക്ടർ പൂക്കോയ തങ്ങളും മകനും പയ്യന്നൂർ ശാഖയുടെ മാനേജരുമായ ഹിഷാമും 40 ദിവസത്തിലേറെയായി ഒളിവിൽ തുടരുകയാണ്.

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ കഴിഞ്ഞമാസം 7 നാണ് എം.സി കമറുദ്ദീൻ എം.എൽ.എയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കമറുദ്ദീനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മാനേജിംഗ് ഡയറക്ടർ പൂക്കോയ തങ്ങളും മകനും പയ്യന്നൂർ ശാഖയുടെ മാനേജരുമായ ഹിഷാമും ജനറൽ മാനേജർ സൈനുൽ ആബിദിനും ഒളിവിൽ പോവുകയായിരുന്നു. ഇവർക്ക് വേണ്ടി കഴിഞ്ഞ മാസം എട്ടുമുതൽ ലുക്ക്‌ ഔട്ട്‌ നോട്ടിസ് പുറത്തിറക്കി അന്വേഷണസംഘം തിരച്ചിൽ നടത്തുകയായിരുന്നു.

അതിനിടെ മുൻകൂർ ജാമ്യാപേക്ഷയുമായി സൈനുൽ ആബിദ് ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാവാനായിരുന്നു കോടതിയുടെ നിർദ്ദേശം. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവാനെത്തിയപ്പോൾ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സൈനുൽ ആബിദിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. വിശദമായി ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിന് അപേക്ഷ സമർപ്പിക്കുമെന്നാണ് സൂചന.

അതേസമയം 40 ദിവസമായി ഒളിവിൽ കഴിയുന്ന മാനേജിംഗ് ഡയറക്ടർ പൂക്കോയ തങ്ങളെയും ഹിഷാമിനെയും പിടികൂടാൻ ഇത് വരെ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല.