'വില്ലനെ നായകൻ തല്ലിയോടിക്കുന്നതു കാണുമ്പോഴുള്ള സുഖമുണ്ടല്ലോ...!' സ്വാമി സന്ദീപാനന്ദഗിരി
'സിനിമയുടെ അവസാനം വൃത്തികെട്ടവനും തെമ്മാടിയുമായ വില്ലനേയും കൂട്ടരേയും നായകൻ തല്ലിയോടിക്കുന്നതു കാണുമ്പോഴൊരു സുഖമുണ്ടല്ലോ അതുപോലൊരു സുഖം...'

പാലക്കാട് നഗരസഭയില്‍ ദേശീയ പതാക ഉയര്‍ത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ അനുമോദിച്ച് സ്വാമി സന്ദീപാനന്ദഗിരി. സിനിമയുടെ അവസാനം വില്ലനെ തോല്പിക്കുന്ന നായകനെ കാണുന്ന സുഖമാണ് പാലക്കാട് കണ്ടതെന്നായിരുന്നു സന്ദീപാനാന്ദഗിരിയുടെ ഫേസ്ബുക്ക് കുറിപ്പ്.
തദ്ദേശ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാനായി ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരസഭക്ക് മുകളില്‍ കയറി 'ജയ്ശ്രീറാം' എന്നെഴുതിയ പോസ്റ്ററുകള്‍ പതിച്ചതില്‍ പ്രതിഷേധിച്ചാണ് ഇന്ന് ഡി.വൈ.എഫ്.ഐ മാര്‍ച്ച് നടത്തിയത്. നഗരസഭ കാര്യാലയത്തിന് മുന്നിലെത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞെങ്കിലും ഇത് മറികടന്ന് നഗരസഭ കാര്യലയത്തിനുള്ളിലെത്തിയ പ്രവര്‍ത്തകര്‍ നഗരസഭക്ക് മുകളില്‍ 'ജയ്ശ്രീറാം' ബാനറുകള്‍ തൂക്കിയ അതേസ്ഥലത്ത് ദേശീയ പതാക ഉയര്‍ത്തി.
സന്ദീപാനാന്ദഗിരിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
സിനിമയുടെ അവസാനം വൃത്തികെട്ടവനും തെമ്മാടിയുമായ വില്ലനേയും കൂട്ടരേയും നായകൻ തല്ലിയോടിക്കുന്നതു കാണുമ്പോഴൊരു സുഖമുണ്ടല്ലോ അതുപോലൊരു സുഖം...
നേരത്തെ നഗരസഭ കാര്യാലയത്തിന് മുകളിൽ ബി.ജെ.പി പ്രവര്‍ത്തകര്‍ 'ജയ് ശ്രീ റാം' ഫ്ലക്സ് ഉയർത്തിയതിനെതിരെ സന്ദീപാനന്ദ ഗിരി വിമര്‍ശനം ഉന്നയിച്ചിരുന്നു. മലപ്പുറത്തെ നഗരസഭ കാര്യാലയത്തിന് മുന്നില്‍ 'അള്ളാഹു അക്ബര്‍' എന്ന ബാനര്‍ ഉയര്‍ത്തിയാല്‍ നിങ്ങളുടെ പ്രതികരണം എങ്ങനെയായിരിക്കും എന്നായിരുന്നു സന്ദീപാനന്ദഗിരിയുടെ പ്രതികരണം.