തിരുവനന്തപുരത്ത് പരാജയപ്പെട്ട സ്ഥാനാർഥിയെ ജയിച്ച സ്ഥാനാർഥിയുടെ ഭർത്താവും കൂട്ടരും വീടു കയറി മർദ്ദിച്ചതായി പരാതി
തിരുവനന്തപുരം അമ്പൂരി ഗ്രാമപഞ്ചായത്തിലെ തൊടുമല വാർഡിൽ നിന്നും കോൺഗ്രസ്സ് സ്ഥാനാർഥിയായി മത്സരിച്ചു തോറ്റ രമ്യ ബാബുവിനാണ് മർദ്ദനം ഏറ്റത്

തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്ഥാനാർഥിയെ ജയിച്ച സ്ഥാനാർഥിയുടെ ഭർത്താവും കൂട്ടരും വീടു കയറി മർദ്ദിച്ചതായി പരാതി. തിരുവനന്തപുരം അമ്പൂരി ഗ്രാമപഞ്ചായത്തിലെ തൊടുമല വാർഡിൽ നിന്നും കോൺഗ്രസ്സ് സ്ഥാനാർഥിയായി മത്സരിച്ചു തോറ്റ രമ്യ ബാബുവിനാണ് മർദ്ദനം ഏറ്റത്.
ആദിവാസി സെറ്റിൽമെന്റെ വാർഡായ തൊടുമലയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച അഖില ഷിബുവാണ് ജയിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥി രമ്യ ബാബു പരാജയപ്പെട്ടു. അഖിലയുടെ ഭർത്താവ് ഷിബുവും കൂട്ടാളികളുമാണ് രമ്യയെയും കുടുംബത്തെയും മർദ്ദിച്ചതെന്നാണ് പരാതി. മുളക് പൊടി വിതറിയ ശേഷമാണ് മർദിച്ചതെന്ന് രമ്യ പറഞ്ഞു.
രമ്യയുടെ ഭർത്താവ് രഘു, മക്കളായ ബാലു, മാലു, ഭർതൃ മാതാവ് വസന്ത, സഹോദരി ആശ ലത, ബന്ധുവായ ബൈജു എന്നിവർക്കും സംഘർഷത്തിൽ പരിക്കേറ്റു. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നടപടി ആവശ്യപ്പെട്ട് വെള്ളറട പോലീസിൽ രമ്യ പരാതി നൽകി.