ബി.ജെ.പി ജയിച്ചത് ഒറ്റ വാര്‍ഡില്‍: പക്ഷേ, പ്രസിഡന്റ് പദവി ബി.ജെ.പിക്ക്
ഇടുക്കി കാഞ്ചിയാർ പഞ്ചായത്തിൽ ഭൂരിപക്ഷം എൽ.ഡി.എഫിനാണെങ്കിലും ഒറ്റവാർഡിൽ മാത്രം ജയിച്ച ബി.ജെ.പിക്കാണ് പ്രസിഡന്റ് പദവി ലഭിക്കുക.
ഇടുക്കി കാഞ്ചിയാർ പഞ്ചായത്തിൽ ഭൂരിപക്ഷം എൽഡിഎഫിനാണെങ്കിലും ഒറ്റവാർഡിൽ മാത്രം ജയിച്ച ബിജെപിക്കാണ് പ്രസിഡന്റ് പദവി ലഭിക്കുക. പ്രസിഡന്റ് സ്ഥാനം പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്ന പഞ്ചായത്താണ് കാഞ്ചിയാർ. എന്നാൽ ഈ വിഭാഗത്തില്‍പെട്ട ഇടത് മുന്നണിയുടെ സ്ഥാനാർഥികൾ ജയിക്കാതിരുന്നതാണ് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടാന്‍ കാരണം.
16 വാര്‍ഡുകളുള്ള കാഞ്ചിയാര്‍ പഞ്ചായത്തില്‍ 9 സീറ്റുകളാണ് എൽഡിഎഫ് നേടിയത്. എന്നാൽ മുന്നണിയുടെ പട്ടികജാതി വിഭാഗത്തിൽപെട്ട രണ്ട് സ്ഥാനാർഥികളും തോറ്റു. നരിയമ്പാറയാണ് പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തിരുന്ന വാർഡ്. ഇവിടെ 2015ലെ ഭരണ സമിതിയിലെ അംഗമായിരുന്ന സനീഷ് ശ്രീധരനാണ് ഇടതുപക്ഷത്തിനായി മത്സരിച്ചത്. യുഡിഎഫില്‍ നിന്ന് എം.കെ.സുരേഷ്കുമാറും, എന്‍ഡിഎയിൽ നിന്ന് കെ.സി.സുരേഷും മത്സരിച്ചു.
ഫലം വന്നപ്പോൾ ബിജെപി സ്ഥാനാർഥിക്ക് 85 വോട്ടിന്റ് ഭൂരിപക്ഷത്തോടെ ജയം. സംവരണ വാര്‍ഡിന് പുറമേ മറ്റൊരു ജനറൽ വാർഡിലും എൽഡിഎഫ് പട്ടികജാതി വിഭാഗത്തിൽ പെട്ട സ്ഥാനാർഥിയെ നിർത്തിയിരുന്നുവെങ്കിലും അവിടെയും ജയിക്കാനായില്ല. അതോടെ പഞ്ചായത്തിലെ ഏക ബി. ജെ. പി അംഗമായ കെ. സി. സുരേഷിന് പ്രസിഡന്റ് പദവിയിലേക്കുള്ള വഴി തുറക്കുകയായിരുന്നു. എൽഡിഎഫ് 9. യുഡിഎഫ് 6, എൻഡിഎ 1 എന്നതാണ് പഞ്ചായത്തിലെ കക്ഷി നില.