തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും പിടി വിട്ടെങ്കിലും മലബാറില്‍ പഞ്ചായത്തുകള്‍ വര്‍ധിപ്പിച്ച് യു.ഡി.എഫ്
മലപ്പുറത്ത് 38 പഞ്ചായത്തുകള്‍ യു.ഡി.എഫ് അധികം നേടി. മുസ്ലിം ലീഗന്റെ കരുത്ത്, വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്കുപോക്ക്, ആര്.എം.പി സഖ്യം എന്നിവയാണ് മലബാറില്‍ യു.ഡി.എഫിനെ തുണച്ചത്.

തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും തിരിച്ചടി നേരിട്ടെങ്കിലും മലബാറില്‍ യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളുടെ എണ്ണം വര്‍ധിപ്പിക്കാനായത് യു.ഡി.എഫിന് നേട്ടമായി. മലപ്പുറം ജില്ലയില്‍ 16 പഞ്ചായത്തിലടക്കം 38 പഞ്ചായത്തുകള്‍ യു.ഡി.എഫ് അധികം നേടി. മുസ്ലിം ലീഗന്റെ കരുത്ത്, വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്കുപോക്ക്, ആര്.എം.പി സഖ്യം എന്നിവയാണ് മലബാറില്‍ യു.ഡി.എഫിനെ തുണച്ചത്.
പൊതുവെ സംസ്ഥാനത്ത് എല്‍.ഡി.എഫ് മേധാവിത്വം നേടിയുപ്പോള് യു.ഡി.എഫിന് കരുത്തായത് മലപ്പുറമടക്കം മലബാറിലെ നാലു ജില്ലകളാണ്. 2015 ലെ തെരഞ്ഞെടുപ്പിനെക്കാള്‍ 16 പഞ്ചായത്തുകളാണ് യു.ഡി.എഫിന് അധികം ലഭിച്ചത്. വെല്‍ഫെയര്‍ പാര്‍ട്ടി മുഖ്യകക്ഷിയായ സാമ്പാര്‍ മുന്നണി കാരണം നഷ്ടപ്പെട്ട പഞ്ചായത്തുകള്‍ വെല്‍ ഫെയര്‍ പാര്‍ട്ടി മുന്നണിയിലെത്തിയതോടെ തിരികെ ലഭിക്കുകയായിരുന്നു.
കൂട്ടിലങ്ങാടി ഉള്‍പ്പെടെയുള്ള പഞ്ചായത്ത് വീണ്ടും യു.ഡി.എഫ് ഭരണത്തിലായി. 57 ല്‍ നിന്ന് 73 ആയി യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകള്‍ വര്‍ധിപ്പിച്ചപ്പോള്‍ എല്‍.ഡി.എഫ് 37 ല്‍ നിന്ന് 18 ലേക്ക് താഴെപോയി. ഏകോപിപ്പിചുള്ള പ്രവര്‍ത്തനവും തന്ത്രരൂപീകരണവും നടത്തി മുസ്ലിം ലീഗ് മലപ്പുറത്തെ യു.ഡി.എഫ് കോട്ടയെന്ന പദവി നിലനിര്‍ത്തി. ആര്.എം.പി സഖ്യത്തിലൂടെ വടകര മേഖലയില്‍ നിന്ന് രണ്ട് പഞ്ചായത്ത് പിടിച്ചതടക്കം കോഴിക്കോട് ജില്ലയില്‍ അഞ്ച് പഞ്ചായത്തുകളാണ് യു.ഡി.എഫിന് അധികമായി ലഭിച്ചത്.
വെല്‍ഫെയര്‍ കൂട്ടുകെട്ടിലൂടെ ലഭിച്ച കൊടിയത്തൂര്‍ കാരശ്ശേരി എന്നിവയും ഇതിലുള്‍പ്പെടും. ഫറോഖ്, രാമനാട്ടുകര, പയ്യോളി മുന്‍സിപ്പാലിറ്റി എല്‍.ഡി.എഫില്‍ നിന്ന് പിടിച്ചെടുത്തതും കോഴിക്കോട്ടെ യു.ഡി.എഫിന് ആശ്വാസം നല്കുന്ന കാര്യങ്ങളാണ്. ജില്ലാ പഞ്ചായത്തും കല്പറ്റ നഗരസഭയും നഷ്ടപ്പെട്ടെങ്കിലും എട്ട് പഞ്ചായത്തുകളില്‍ കൂടി വയനാട്ടില്‍ യു.ഡി.എഫ് ഭരണത്തിന് കീഴിലാകും. പാലക്കാട് ജില്ലയിലും ഒമ്പത് പഞ്ചായത്തുകള്‍ അധികം കിട്ടി.