തിലകന്റെ മകനും മധുരരാജയുടെ നിര്‍മ്മാതാവും പരാജയപ്പെട്ടു
തൃശൂര്‍ കുന്നംകുളം നഗരസഭയിലെ അഞ്ചാം വാര്‍ഡായ വൈശ്ശേരിയില്‍ നിന്നാണ് നെല്‍സണ്‍ ഐപ്പ് ജനവിധി തേടിയത്
തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച നടന് തിലകന്റെ മകന് ഷിബു തിലകനും മമ്മൂട്ടി ചിത്രം മധുരരാജയുടെ നിര്‍മ്മാതാവ് നെല്‍സണ്‍ ഐപ്പും പരാജയപ്പെട്ടു.
തൃശൂര്‍ കുന്നംകുളം നഗരസഭയിലെ അഞ്ചാം വാര്‍ഡായ വൈശ്ശേരിയില്‍ നിന്നാണ് നെല്‍സണ്‍ ഐപ്പ് ജനവിധി തേടിയത്. യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്നു നെല്‍സണ്‍. എല്‍.ഡി.എഫിന്റെ പി.എം സുരേഷാണ് നെല്‍സണെ പരാജയപ്പെടുത്തിയത്. സുരേഷിന് 426 വോട്ട് ലഭിച്ചപ്പോള്‍ നെല്‍സണ്‍ 208 വോട്ടാണ് കിട്ടിയത്. '' ഈ നാടിന്റെ പ്രതീക്ഷയാണ് നെല്‍സേട്ടന്‍'' എന്ന നെല്‍സന്റെ തെരഞ്ഞെടുപ്പ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ലോറി ഡ്രൈവറില്‍ നിന്നും നിര്‍മ്മാതാവായി മാറിയ ആളാണ് നെല്‍സണ്‍.

തൃപ്പൂണിത്തുറ നഗരസഭയില്‍ നിന്നും ബി.ജെ.പിയുടെ പ്രതിനിധിയായിട്ടാണ് നടന് തിലകന്റെ മകന് ഷിബു തിലകന് മത്സരിച്ചത്. 25ാം ഡിവിഷനില്‍ നിന്നുമാണ് ഷിബു ജനവിധി തേടിയത്. എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച സി.എ ബെന്നിയാണ് ഇവിടെ ജയിച്ചത്.
