ലൈഫ് മിഷന് പദ്ധതിയില്‍ ദുരൂഹതയെന്ന് ഹൈക്കോടതി
നിര്‍ധനര്‍ക്ക് വീട് നല്‍കുക മാത്രമാണ് ലൈഫ് പദ്ധതിയുടെ ലക്ഷ്യമെന്ന് സര്‍ക്കാര്‍

ലൈഫ് മിഷന് ഇടപാടിൽ ചില ദുരൂഹതകളില്ലേയെന്ന സംശയം ഉയര്‍ത്തി ഹൈക്കോടതി. സര്‍ക്കാര്‍ ഭൂമി എങ്ങനെയാണ് വിദേശ ഏജന്‍സിക്ക് കൈമാറുന്നതെന്നും കോടതി ചോദിച്ചു. ലൈഫ് മിഷനിൽ വിജിലൻസ് അന്വേഷണം നടക്കുന്നുവെന്നുള്ളത് പ്രഥമ ദൃഷ്ട്യാ ഇതിൽ ക്രമക്കേടുണ്ടെന്നതിന് തെളിവാണെന്ന് കേന്ദ്രസർക്കാരും കോടതിയെ അറിയിച്ചു. ലൈഫ് മിഷൻ എന്നത് സർക്കാർ പദ്ധതിയാണോ സർക്കാർ ഏജൻസിയാണോ എന്നതായിരുന്നു ലൈഫ്മിഷന്റെ ഹരജി പരിഗണിക്കവേ കോടതിയുടെ ആദ്യ ചോദ്യം. സർക്കാര്‍ പദ്ധതിയാണെന്ന് സർക്കാർ മറപുടി നല്കി. ഭൂമി സംസ്ഥാന സർക്കാരിന്റേതല്ലേ എന്നായി കോടതി.
സർക്കാർ ഭൂമിയിൽ എങ്ങനെയാണ് ഒരു വിദേശ ഏജൻസിക്ക് നിർമാണം നടത്താനാവുകയെന്നും കോടതി ചോദിച്ചു. നിര്‍മ്മാണത്തിന് നിയമ തടസമില്ലെന്നായിരുന്നു ഇതിനുള്ള മറുപടി. സർക്കാർ ഉദ്യോഗസ്ഥർക്ക് ഇക്കാര്യത്തെ കുറിച്ച് ധാരണ ഇല്ലേയെന്നും കോടതി ചോദിച്ചു. എന്നാല്‍ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്താൻ തുടങ്ങിയാൽ പല പദ്ധതികളും നടപ്പാവില്ലെന്നും അവരുടെ കൈകൾ കെട്ടിയാൽ വികസന പ്രവർത്തനങ്ങളെ ബാധിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
സ്ഥലം കൈമാറിയതിൽ ആർക്കും പരാതിയില്ല. യു.വി ജോസ്നെ കുറ്റപ്പെടുത്താനാവില്ല എന്നുമായിരുന്നു സര്‍ക്കാര്‍ വാദം. പാവപ്പെട്ടവർക്ക് വീട് നൽകുക എന്ന സദുദ്ദേശമാണ് ലൈഫ് മിഷനുള്ളതെന്ന് സര്‍ക്കാര്‍ അഭിഭാഷകന് കോടിയില്‍ പറഞ്ഞു. എന്നാല്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഭൂമി കൈമാറിയതെന്നും ആർക്കാണ് ഭൂമി കൈമാറിയതെന്ന് കോടതി ആരാഞ്ഞു.
നിർമാണക്കമ്പനിക്ക് ആണ് കൈമാറിയെന്ന് സർക്കാർ അറിയിച്ചു. അന്തിമമായി ഭൂമി ലഭിക്കുക ഭവനരഹിതർക്ക് ആണെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. സർക്കാർ സ്ഥലം യൂണിടാകിനു കൈമാറിയത് നടപടി ക്രമങ്ങൾ പാലിച്ചാണോയെന്നും ധാരണപത്രത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലം കൈമാറാൻ ആവില്ലല്ലോന്നുമായിരുന്നു കോടതിയുടെ സംശയം. യൂണിടാകും റെഡ്ക്രസന്റും തമ്മിലാണ് കരാറുണ്ടാക്കിയത്.
സര്‍ക്കാര്‍ ഇതില്‍ കക്ഷിയല്ലെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പന് കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ ഭൂമി ആര്‍ക്കും കൈമാറുന്നില്ലെന്നും . ഇത് സര്‍ക്കാര്‍ ഭൂമിയിലുള്ള സര്‍ക്കാര്‍ പദ്ധതിയാണന്നും സന്തോഷ് ഈപ്പന്റെ അഭിഭാഷകന് പറഞ്ഞു.
സര്‍ക്കാറിന്റെ വിജിലന്‍സ് വിഭാഗം ലൈഫ് കേസില്‍ അന്വേഷണം നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ പ്രഥമദ്യഷ്ട്യാ ഇതില്‍ കേസുണ്ടെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദം. എഫ്.സി.ആര്.എ ലംഘനമുണ്ടായിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ കേന്ദ്ര ഏജന്‍സികളുടെ ഇടപെടല്‍ പരിധിവിടുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കുറ്റപെടുത്തി. ലൈഫ് മിഷനെതിരെയുള്ള കേസ് റദ്ദാക്കാനാവില്ലെന്നായിരുന്നു സി.ബി.ഐയുടെ നിലപാട്. ലൈഫ് മിഷൻ സി.ഇ.ഒക്കെതിരെ ഇതുവരെ കേസ് ചാർജ് ചെയ്തിട്ടില്ല . ലൈഫ് മിഷനിലെ ഉദ്യോഗസ്ഥർ എന്ന് മാത്രമാണ് പറയുന്നത്.
അറസ്റ്റ് ഭയക്കുന്നുവെങ്കിൽ യു.വി ജോസ് മുൻകൂർ ജാമ്യത്തിനാണ് സമീപിക്കേണ്ടതെന്നുമായിരുന്നു സി.ബി.ഐയുടെ നിലപാട് . ലൈഫ് മിഷനിലെ സി.ബി.ഐ അന്വോഷണം റദ്ദാക്കണമെന്ന് ഹരജിയില്‍ ഹൈക്കോടതി തിങ്കളാഴ്ചയും വാദം കേള്‍ക്കും. അതുവരെ അന്വോഷണത്തിനുള്ള സ്റ്റേ തുടരും.