പത്തനംതിട്ടയില്‍ യുഡിഎഫ് അടിത്തറ ഇളകി
ജില്ലാ പഞ്ചായത്ത് ഭരണം തിരികെ പിടിക്കാനും ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് തലങ്ങളില്‍ മുന്‍തൂക്കം നേടാനും എല്‍ഡിഎഫിന് സാധിച്ചു.
നിയമസഭാ ഉപതെരഞ്ഞെടുപ്പിന് പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പിലും തിരിച്ചടി നേരിട്ടതോടെ പത്തനംതിട്ടയില്‍ യുഡിഎഫ് അടിത്തറ ഇളകി. ജില്ലാ പഞ്ചായത്ത് ഭരണം തിരികെ പിടിക്കാനും ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് തലങ്ങളില്‍ മുന്‍തൂക്കം നേടാനും എല്‍ഡിഎഫിന് സാധിച്ചു. എല്‍ഡിഎഫ് - യുഡിഎഫ് മുന്നണികള്‍ തമ്മില്‍ നേർക്ക് നേർ പോരാട്ടം നടന്ന ജില്ലയില്‍ പല മേഖലകളിലും എന്‍.ഡി.എക്ക് കരുത്ത് കാട്ടാനായി.
പത്തനംതിട്ടയില്‍ കാലങ്ങളായി അരക്കെട്ടുറപ്പിച്ച യു.ഡി.എഫ് അപ്രമാദിത്യത്തിന് കടുത്ത തിരിച്ചടിയാണ് ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം. ജില്ലാ പഞ്ചായത്തിലും ഗ്രാമ പഞ്ചായത്തിലും പിന്നോട്ട് പോയപ്പോള്‍ രണ്ട് ബ്ലോക്ക് പഞ്ചായത്തുകളിലും തിരുവല്ല നഗരസഭയിലും മാത്രമാണ് യു.ഡി.എഫിന് ആശ്വാസം കണ്ടെത്താനായത്. സർക്കാരിനെതിരായ പ്രചാരണങ്ങള്‍ പാളിയെന്ന് നേതാക്കള്‍ തുറന്ന് സമ്മതിക്കുമ്പോഴും മുന്നണിക്കുള്ളിലെ പടലപ്പിണക്കങ്ങളും വിമതരുമാണ് യു.ഡി.എഫ് പരാജയത്തിന്റെ മുഖ്യ കാരണങ്ങള്‍.
സംസ്ഥാന വ്യാപകമായി നിലനിന്ന ട്രെന്‍ഡിനൊപ്പം ജില്ലയിലാകമാനം തേരോട്ടം നടത്താനായി എന്നതാണ് എല്‍.ഡി.എഫിന്റെ നേട്ടം. 50ലേറെ സീറ്റ് നേടി കേരള കോണ്‍ഗ്രസ് ജോസ് പക്ഷം കരുത്ത് തെളിയിച്ച തെരഞ്ഞെടുപ്പില്‍, ജില്ലാ പഞ്ചായത്ത് ഭരണം കൂടി നേടി സമസ്ത മേഖലകളിലും ആധിപത്യം ഉറപ്പിക്കാന്‍ എല്‍ഡിഎഫിനായി. അതേസമയം കയ്യിലുണ്ടായിരുന്ന പന്തളം നഗരസഭയില്‍ തിരിച്ചടി നേരിട്ടതും തിരുവല്ല നഗരസഭയില്‍ പരാജയപ്പെട്ടതും എല്‍.ഡി.എഫിന് അപ്രതീക്ഷിത തിരിച്ചടിയായും മാറിയിട്ടുണ്ട്.
പന്തളം നഗരസഭയിലെ അട്ടിമറി വിജയത്തിന് പിന്നാലെ 42 പഞ്ചായത്തുകളിലും രണ്ട് ബ്ലോക്ക് പഞ്ചായത്തുകളിലും സാന്നിധ്യം ഉറപ്പിച്ചതിലൂടെ ബിജെപി നേതൃത്വം നല്കുന്ന എന്‍.ഡി.എക്ക് എക്കാലത്തെയും മികച്ച ട്രാക്ക് റെക്കോർഡ് ആണ് ജില്ലയില്‍ കൈവരിക്കാനായത്. കഴിഞ്ഞ തവണത്തെ രണ്ട് പഞ്ചായത്തുകള്‍ കൈവിട്ടെങ്കിലും മൂന്നിടങ്ങളില്‍ ഭരണ നേതൃത്വം നല്കാന് ആവുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ജില്ലയിലെ എന്‍.ഡി.എ നേതൃത്വം മുന്നോട്ട് പോകുന്നത്.